തിരുവനന്തപുരം : കേരളത്തിലേക്ക് ഓണക്കാലത്ത് ചാർട്ടേഡ് വിമാനങ്ങൾ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഈ വിഷയം സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്തിന് മറുപടിയായാണ് പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കുതിച്ചുയരുന്ന വിമാന നിരക്കിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചത്. പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ് ഓണക്കാലം. ആഘോഷങ്ങൾക്കായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ നിരക്ക് വർധനവ്.
കുതിച്ചുയരുന്ന ഫ്ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവക്കുന്ന സാഹചര്യവും വന്നിരിക്കുന്നു. അതിനാൽ, ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഓഗസ്റ്റ് 15 മുതൽ സെപ്‌റ്റംബർ 15 വരെയുള്ള ഒരു മാസം യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. ഈ ആവശ്യങ്ങളാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്.
ഇത് കൂടാതെ, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തണമെന്ന ആവശ്യവും കേന്ദ്ര സർക്കാരിന് മുന്നിൽ കേരളം ഉന്നയിച്ചു. ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ നിന്ന് പ്രത്യേക സർവീസ് വേണമെന്നാണ് ആവശ്യപ്പെടുക. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി കുമാറിന് ഇത് സംബന്ധിച്ച കത്ത് കേരളത്തിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് കൈമാറി.
തിങ്കളാഴ്‌ച റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ പ്രതിനിധികൾ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഈ ആവശ്യത്തിലും അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
പ്രതിസന്ധിയിൽ വലഞ്ഞ്...: ഉത്സവ, അവധിക്കാല സീസണുകളിൽ കേരളത്തിലേയ്ക്ക് വരുന്ന വിമാനങ്ങളുടെ നിരക്കിൽ ഉണ്ടാകുന്ന വർധനവും ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതിനെ കുറിച്ചും വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. തുടർന്ന് വിമാന കമ്പനിയുമായി പ്രാഥമിക ചർച്ച നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ഇന്ത്യയിൽ നിന്നുള്ള വിമാന കമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽ നിന്നും ചാർട്ടേഡ് ഫ്ലൈറ്റുകൾ ലഭ്യമാണോ എന്നത് പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് വിമാന കമ്പനിയുമായുള്ള ചർച്ച.
ഗൾഫിൽ നിന്ന് നാട്ടിലേയ്ക്ക് വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് സർക്കാർ നേരത്തേ തീരുമാനം എടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി ബജറ്റിൽ തുക വകയിരുത്തുകയും ചെയ്‌തു. വിമാന ടിക്കറ്റ് നിരക്ക് വർധനവിൽ പരിഹാരം കണ്ടെത്തണമെന്നും പ്രവാസികൾക്ക് നേരെയുള്ള ചൂഷണം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ ഇതിനോടകം ജനപ്രതിനിധികൾക്ക് നിവേദനം നൽകുകയും ചെയ്‌തിരുന്നു.
യോഗത്തിന് ശേഷമാണ് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്നതിൽ അടിയന്തരമായി കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചത്.