ആലപ്പുഴ: തൃപ്പെരുംതുറ പഞ്ചായത്തിൽ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നേടാൻ കോൺഗ്രസ് - സിപിഎം ധാരണയായെന്ന് ബിജെപി വ്യാജപ്രചരണം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 18 വാർഡുകളുള്ള പഞ്ചായത്തിൽ ഒരു സ്വതന്ത്രന് പുറമെ യുഡിഎഫിനും ബിജെപിയ്ക്കും ആറ് സീറ്റ് വീതവും സിപിഎമ്മിന് അഞ്ച് സീറ്റുമാണുള്ളത്. പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്‌തിട്ടുള്ള പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിൽ നിന്ന് മത്സരിച്ച പട്ടികജാതി വനിതയ്ക്ക് നേടാൻ സാധിച്ചില്ല.
നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ ബിജെപി പ്രതിനിധിയ്ക്ക് പഞ്ചായത്ത് അധ്യക്ഷ പദവി ലഭിക്കുന്നത് ഗുണകരമാവില്ല എന്നതാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇത് പരിഗണിച്ചാണ് കോൺഗ്രസ് ഇത്തരത്തിൽ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധിയ്ക്ക് വോട്ട് ചെയ്‌തതെന്നും ചെന്നിത്തല വിശദീകരിച്ചു. സമാനമായ സാഹചര്യം ആലപ്പുഴയിലെ രണ്ട്-മൂന്ന് പഞ്ചായത്തുകളിലുണ്ട് എന്നതുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് ഇത്തരത്തിൽ രാഷ്‌ട്രീയമായൊരു തീരുമാനം സ്വീകരിച്ചത്. ഈ തീരുമാനം ശരിയാണെന്നാണ് തന്‍റെയും നിലപാടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്രമാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നത്. എന്നാൽ യുഡിഎഫിന് ആറ് അംഗങ്ങളുള്ള ഇതേ പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത് ഒറ്റയ്ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃപ്പെരുംതുറ പഞ്ചായത്തിൽ ജനിച്ചതുകൊണ്ട് അനാവശ്യമായ പ്രചാരങ്ങളാണ് ബിജെപി തനിക്കെതിരെ നടത്തുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.