ആലപ്പുഴ: ഹരിപ്പാട് നിന്ന് ഒരുകോടി എണ്‍പത്തിഎട്ട് ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. കായംകുളം റേഞ്ച് എക്സൈസ് സംഘമാണ് കണക്കിൽ പെടാത്ത പണം പിടികൂടിയത്. പതിവ് വാഹനപരിശോധനയ്ക്കിടെയാണ് കുഴൽപ്പണം കടത്തുകയായിരുന്ന നാലംഗസംഘം കുടുങ്ങിയത്.
കാറിലും വസ്ത്രങ്ങളിൽ രഹസ്യ അറകൾ ഉണ്ടാക്കിയും ശരീരത്തിലെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. സംഘത്തിലെ ഒരാൾ ഒഴികെ ബാക്കി മൂന്ന് പേരും മഹാരാഷ്ട്ര സ്വദേശികളാണ്. തൃശൂരിൽ നിന്ന് സ്വർണം വാങ്ങാൻ പലരിൽ നിന്നായി ശേഖരിച്ച പണമാണ് എന്ന് ആദ്യം അറിയിച്ചിരുന്നു എങ്കിലും ഇതിന്‍റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 2000ന്‍റെയും 500ന്‍റെയും നോട്ടുകളയാണ് പ്രതികൾ പണം കടത്താൻ ശ്രമിച്ചത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കായംകുളം കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിച്ചു വരികയാണ്.