ആലപ്പുഴ : വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായതിനെ തുടര്‍ന്ന് ജീവിതം ദുരിതത്തിലായ മരോട്ടിക്കൽ ശ്യാമിന് കൃഷി മന്ത്രി പി പ്രസാദിന്‍റെ കൈത്താങ്ങ്. കിടക്കാൻ ഇടമില്ലാത്തതിനാൽ ഒരു വാടക വീടിനോട് ചേർന്നുള്ള കുളിമുറിയില്‍ കഴിഞ്ഞിരുന്ന 33 കാരന്‍റെ വാർത്തയറിഞ്ഞാണ് മന്ത്രിയെത്തിയത്.
ശ്യാമിൻ്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ തന്നെ ആംബുലന്‍സെത്തി ഗാന്ധിഭവനിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് അപകടം, പിന്നെ ദുരിത ജീവിതം
ഒരു മാസം മുമ്പ് എറണാകുളം പാതാളത്തുവച്ചാണ് അപകടമുണ്ടായത്. ഇയാൾ ഓടിച്ചിരുന്ന എയ്‌സ് ചരക്ക് വാഹനം, നിർത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കേറ്റു.
കാലിന് ഒടിവും, വാരിയെല്ലിന് പൊട്ടലും സംഭവിച്ചതിനെ തുടര്‍ന്നാണ് കിടപ്പിലായത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ നൽകിയിരുന്നു. നോക്കാനാളില്ലാത്തതിനാൽ ആശുപത്രിയില്‍ നിന്നും നേരത്തേ താമസിച്ചിരുന്ന വാടക വീടിനോട് ചേർന്നുള്ള കുളിമുറിയിലേക്ക് മാറേണ്ടിവന്നു.
സ്വന്തം വീടും വാടക വീടും നഷ്‌ടമായി, ഇതിനിടെയില്‍ അപകടം
ചേർത്തല നഗരസഭ 31-ാം വാർഡിൽ മരോട്ടിക്കൽ എന്‍.പി രാജുവാണ് പിതാവ്. പി.എൽ ഉഷയാണ് മാതാവ്. സഹോദരി ഷൈനിയുടെ വിവാഹത്തെ തുടര്‍ന്ന് സ്വന്തം വീട് വിൽക്കേണ്ടി വന്നു. തുടർന്ന് അമ്മയോടൊപ്പം വാടക വീട്ടിലായിരുന്നു.
അസുഖത്തെത്തുടർന്ന് ഉഷ സഹോദരിയുടെ വീട്ടിലാണ്. വാടക നൽകാത്തതിനാൽ വീട് നഷ്ടമായി. പിന്നീട് ബന്ധുവിൻ്റെ വീടിന് മുകളിലായിരുന്നു രാത്രി ഉറക്കം. ഇതിനിടെയിലായിരുന്നു അപകടം. കിടപ്പിലായതിനെ തുടര്‍ന്ന് സമീപവാസികളായ ചിലർ നൽകുന്ന ഭക്ഷണവും, സുഹൃത്തുക്കളായ ചിലരുടെ സഹായവുമായിരുന്നു ആശ്രയം.
തിങ്കളാഴ്‌ച രാത്രി എട്ട് മണിയ്‌ക്ക് സ്ഥലത്തെത്തിയാണ് ശ്യാമിനെ ഗാന്ധിഭവന്‍ അധികൃതര്‍ ഏറ്റെടുത്തത്. സി.പി.ഐ നേതാക്കളായ എന്‍.എസ് ശിവപ്രസാദ്, എം.സി സിദ്ധാർഥൻ, അഡ്വ. എം.എം നിയാസ്, റോയി മാടവന തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ALSO READ: ആലപ്പുഴ പെരുമ്പള്ളി തീരത്തടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്‍റെ ജഡഭാഗങ്ങള്‍ സംസ്‌കരിച്ചു