ആലപ്പുഴ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ആലപ്പുഴയിൽ 144 പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നഗരത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. മുല്ലയ്ക്കൽ നിന്ന് കൈചൂണ്ടി ജങ്ഷൻ വരെയായിരുന്നു മാർച്ച്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ഏആർ ക്യാമ്പിൽ നിന്നുമുള്ള പൊലീസുകാരാണ് മാർച്ചിൽ അണിനിരന്നത്. നിരോധനാജ്ഞ നിൽക്കുന്നതുകൊണ്ട് അഞ്ചാളുകളിൽ കൂടുതൽ ഒരുമിച്ചു കൂടാൻ പാടില്ല. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.
അത്യാവശ്യ വാഹനങ്ങൾക്കൊഴികെ നിയമനടപടികൾ സ്വീകരിക്കാൻ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കും മറ്റ് അടിയന്തര ജോലികളും ചുമതലകളും നിർവഹിക്കുന്ന ആളുകൾക്ക് ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് പാസ് വിതരണം ചെയ്യും. മാധ്യമ പ്രവർത്തകർ ജോലി സമയങ്ങളിൽ നിർബന്ധമായും ഐഡി കാർഡുകൾ കൈവശം വയ്ക്കണം. ചരക്ക് വാഹനങ്ങൾ, ഓട്ടോ, ടാക്സി മുതലായവ സർവീസ് നടത്തിയാൽ വാഹനങ്ങളുടെ പെർമിറ്റ് ഉൾപ്പെടെയുള്ളവ റദ്ദാക്കാൻ ആർടിഒയ്ക്ക് നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ അത്യാവശ്യ കാര്യങ്ങൾക്കാണ് പോകുന്നതെന്ന് ബോധ്യപ്പെട്ടാൽ പോകാൻ അനുവദിക്കുകയും അല്ലാതെയുള്ളവരെ തിരികെ വീട്ടിലേക്ക് പറഞ്ഞയക്കുകയുമാണ് ആലപ്പുഴയിൽ പൊലീസ് ചെയ്യുന്നത്.