ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയർ പിടിയിലായി. കായംകുളം നഗരസഭാ അസിസ്റ്റന്‍റ് എഞ്ചിനീയർ രഘുവാണ് വിജിലൻസിന്റെ പിടിയിലായത്. ബില്ല് മാറുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട രഘുവിനെതിരെ കരാറുകാരൻ ആലപ്പുഴ വിജിലൻസിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രാവിലെ എട്ട് മണിയോടെ വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ നോട്ട് കരാറുകാരൻ രഘുവിന് കൈമാറി. ഇതിനിടയിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ രഘുവിനെ കയ്യോടെ പിടികൂടിയത്.
50,000 രൂപയാണ് കൈക്കൂലിയായി രഘു ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. കോട്ടയം വിജിലൻസ് എസ്.പി വിനോദ് കുമാറിന്‍റെ നിർദേശപ്രകാരം ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ് നടത്തിയത്. നിയമ നടപടികൾ പൂർത്തിയാക്കിയശേഷം രഘുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. രഘുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്യും. രഘുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉടൻ ഉണ്ടാകും.