ആലപ്പുഴ : കായംകുളത്ത് ക്വട്ടേഷന്‍ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയില്‍ വടിവാളുമായി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒട്ടനവധി ക്രിമിനൽ കേസിലെ പ്രതിയായ ആഷിക്കിന്‍റെ വീട്ടിലാണ് ക്വട്ടേഷന്‍ സംഘങ്ങൾ വടിവാളുമായി എത്തിയത്. പുലർച്ചെ നാലുമണിയോടെ മതിൽ ചാടിക്കടന്ന് എത്തിയ സംഘം വടിവാളുപയോഗിച്ചു കതകും ജനാലയിലും വെട്ടി. ഇവർ നേരത്തെ ഒരുമിച്ചാണ് ക്വട്ടേഷന്‍ പരിപാടികളിൽ ഏർപ്പെട്ടിരുന്നത്. എന്നാല്‍ തമ്മിൽ തെറ്റിയ ശേഷം അക്രമങ്ങൾ പതിവായിരുന്നെന്ന് കായംകുളം പൊലീസ് പറഞ്ഞു.
കാപ്പ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് തക്കാളി ആഷിഖ് എന്ന പേരിൽ കുപ്രസിദ്ധി നേടിയ ആഷിഖ്. ആഷിഖിന്‍റെ വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അക്രമി സംഘത്തെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവുമായി ബന്ധപ്പെട്ട് വടിവാളുമായി എത്തിയ ഫിറോസ്ഖാൻ, സഫ്‌വാൻ, ഷമീം, അജ്‌മൽ എന്നിവരെ അറസ്‌റ്റ് ചെയ്‌തു. കേസിൽ ഇനിയും രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.