ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം സ്വദേശി ഫൈസലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഘട്ടനത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. അതേസമയം, സിയാദിനെ കൊലപ്പെടുത്തിയ മുജീബിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
സംഭവത്തിൽ പ്രതിഷേധിച്ച് കായംകുളം നഗരസഭ പരിധിയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. കായംകുളം ഫയർസ്റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കുത്തേറ്റ് വീണ സിയാദിനെ കൂടെയുള്ളവർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിന് ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.