ആലപ്പുഴ: അരൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബോധവത്ക്കരണ പരിപാടിയുമായി സ്വീപ് സംഘം. തവണക്കടവ് ബോട്ട് ജെട്ടിയിൽ ദീപം തെളിയിച്ചായിരുന്നു ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. 'വോട്ട് ദീപം' എന്ന പേരിൽ നടന്ന പരിപാടി ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അരൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ വർഷങ്ങളിലെ തെരഞ്ഞടുപ്പുകളേക്കാൾ ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തുവാൻ സ്വീപ്പിന്റെ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് കലക്ടർ പറഞ്ഞു.
എല്ലാവരും വോട്ട് രേഖപ്പെടുത്തി നമ്മുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കാളികളാകണമെന്നും കലക്ടർ അഭ്യർഥിച്ചു. വരും ദിവസങ്ങളിൽ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യത്യസമായ ബോധവത്ക്കരണ പരിപാടികൾ സ്വീപ്പിന്റെ നേതൃത്വത്തിൽ സംഘടിപിക്കും. സ്വീപ്പ് നോഡൽ ഓഫീസർ ഷറഫ് ഹംസ, ശന്തനു, സജിത്ത്, ഹരികുമാർ, പ്രദീപ്, അനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബോട്ട് ജെട്ടിയുടെ സമീപപ്രദേശങ്ങളിലെല്ലാം വോട്ടർമാർ എത്തി ദീപം തെളിയിക്കൽ പരിപാടിയിൽ പങ്കാളികളായി.