ആലപ്പുഴ: തൊഴിൽപരമായി അധിക്ഷേപിച്ച ആരിഫ് എംപിയ്ക്ക് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്‍റെ മറുപടി. ആരിഫ് എംപിയുടെ പരാമർശം അധ്വാനിക്കുന്നവരുടെ കഷ്ടപ്പാടുകൾ അറിയാത്തത് കൊണ്ടാണ്. കഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് മാത്രമേ അതിന്‍റെ പ്രയാസം മനസ്സിലാവുകയുള്ളൂ. പെൺകുട്ടി എന്ന നിലയിൽ ഇത്രയും ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരുന്നത് വീട്ടിലെ ജീവിത സാഹചര്യം കൊണ്ടാണ്. കഷ്ടപ്പാടിനൊപ്പം ജീവിതത്തെയും സേവനമേഖല എന്ന നിലയിൽ രാഷ്ട്രീയത്തെയും മുന്നോട്ട് കൊണ്ടുപോകുന്നയാൾ എന്ന നിലയിൽ എംപിയുടെ പരാമർശം വേദനയുണ്ടാക്കുന്നതാണെന്നും അരിത പ്രതികരിച്ചു.
രാഷ്ട്രീയം ഒരു തൊഴിലായി കാണാതെ സേവനം മാത്രമാക്കി, സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നു എന്നതിൽ അഭിമാനമാണുള്ളത്. ആരിഫ് എംപിയുടെ പരാമർശം മുഴുവൻ തൊഴിലാളി വർഗത്തെയും അവഹേളിക്കുന്നതാണ്. ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം നടത്തിയ പരാമർശം വേദനാജനകമാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് എംപിയുടെ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അരിത ബാബു വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പാൽ സൊസൈറ്റിയിലേക്കല്ല, നിയമസഭയിലേക്ക് ആണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്‍റെ പരാമർശം.