ആലപ്പുഴ: ഭിന്നശേഷി കുട്ടികളുടെ സ്‌കൂളിൽ സാമൂഹ്യ വിരുദ്ധർ കരി ഓയിൽ ഒഴിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലാണ് സംഭവം. ഞായറാഴ്‌ചയാണ്(3.7.2022) സാമൂഹ്യ വിരുദ്ധർ കരി ഓയിൽ ഒഴിച്ചത്. അവധി ദിവസമായതിനാൽ സ്‌കൂളിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല.
മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന 40 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൊവിഡിനെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്ന ബഡ്‌സ് സകൂൾ കഴിഞ്ഞ ശനിയാഴ്‌ചയാണ്(ജൂലൈ 2) പഞ്ചായത്ത് നവീകരിച്ച് ആഘോഷപൂർവ്വം ഉദ്‌ഘാടനം നിർവഹിച്ചത്. കുടുംബശ്രീ മിഷനിൽ നിന്ന് അനുവദിച്ച പന്ത്രണ്ടര ലക്ഷം രൂപ മുടക്കി സ്‌മാർട്ട് ക്ലാസ് റൂം, കളി സ്ഥലങ്ങളിലേക്ക് പുതിയ ഉപകരണങ്ങൾ ഉൾപ്പെടെ സ്‌കൂളിൽ സജ്ജീകരിച്ച് തിങ്കളാഴ്‌ച(4.07.2022) പ്രവേശനോത്സവ ചടങ്ങും നിശ്ചയിച്ചിരുന്നു.
എന്നാൽ, തിങ്കളാഴ്‌ച രാവിലെ അധ്യാപകരും ജീവനക്കാരും എത്തിയപ്പോഴാണ് സ്‌കൂളിൽ പലയിടത്തും കരി ഓയിൽ ഒഴിച്ച നിലയിൽ കണ്ടത്. കൃത്യമായ അജണ്ടയുടെ ഭാഗമായി ആരോ മനപ്പൂർവം ചെയ്‌തതാണെന്ന് പഞ്ചായത്ത് അധികൃതർ ആരോപിച്ചു. സംഭവത്തിൽ പഞ്ചായത്തിന്‍റെ പരാതിയിന്മേൽ ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശവാസികളുടെ സഹകരണത്തോടെയാണ് സ്‌കൂളിന്‍റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.