ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. പക്ഷിപ്പനി ഇതുവരെ മനുഷ്യരിലേക്ക് പടർന്നിട്ടില്ല. അതുകൊണ്ട് തന്നെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രദേശത്ത് നിന്ന് പിടിക്കുന്ന മൃഗങ്ങളെ കൃത്യമായി സംസ്കരിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള കള്ളിംഗ് പ്രോട്ടോകോൾ പാലിച്ചാണ് നിലവിൽ നടപടികൾ നടന്നുവരുന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ നടന്നുവരുന്നു. ജനവാസം കുറഞ്ഞ മേഖലകളായത് കൊണ്ട് തന്നെ അനായാസം ഈ പ്രക്രിയ നടത്തുവാൻ കഴിയുമെന്നും പ്രദേശത്തെ വീടുകളിൽ ഉൾപ്പടെ വളർത്തുന്ന പക്ഷികളെ ഇത്തരത്തിൽ നശിപ്പിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ പറഞ്ഞു. കുട്ടനാട്ടിലെ ചില പ്രദേശങ്ങളിലെ താറാവുകളിൽ എച്ച്5എൻ8 വൈറസ് ബാധയുണ്ട് എന്ന് ഭോപാലിലെ ലാബിൽ പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ നിന്നാണ് സ്ഥിരീകരിച്ചത്.
കൂടുതൽ പ്രദേശങ്ങളിൽ പക്ഷിപ്പനി ബാധയുണ്ടോ എന്നറിയാൻ സാമ്പിൾ ശേഖരണവും ആരോഗ്യ വകുപ്പുമായി ചേർന്ന് സർവ്വേയും സംഘടിപ്പിക്കും. ഇത്തരത്തിൽ താറാവുകളുടെ ഇറച്ചി കഴിക്കുന്നത് കൊണ്ടോ മനുഷ്യരിലേക്ക് പകരുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. എന്നാൽ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നൽകി. ദേശാടന പക്ഷികൾക്കും ഇത് പകരാൻ സാധ്യതയുണ്ട്. കേരളത്തിന് പുറമെ ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കൃത്യമായ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും കൊണ്ടും പക്ഷിപ്പനിയെ നിയന്ത്രിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.