ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പലയിടത്തും ബിജെപി സ്ഥാനാർഥികൾ നിശബ്ദരാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് യുഡിഎഫിനെ സഹായിക്കാൻ വേണ്ടിയാണെന്നും ആലപ്പുഴ എംപി അഡ്വ.എ എം ആരിഫ് ആരോപിച്ചു. ജില്ലയിൽ ത്രികോണമത്സരം നടക്കുന്നത് അപൂർവം ചില മണ്ഡലങ്ങളിൽ മാത്രമാണ്. എന്നാൽ ഇവിടങ്ങളിൽ പോലും എൽഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നതെന്നും അദേഹം പറഞ്ഞു.
ഇടതുമുന്നണിക്ക് ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കുവാൻ കഴിയും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വോട്ടുകൾ എൽഡിഎഫ് നേടും. നഗരസഭകളിൽ എൽഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പായതുകൊണ്ട് തന്നെ മുന്നണികൾ സജീവമായി തന്നെ ഇടപെട്ടിട്ടുണ്ട്. കൊവിഡ് രോഗവ്യാപനം പോളിങ് ശതമാനത്തെ ബാധിക്കില്ലെന്നും കേന്ദ്ര സർക്കാരിനെതിരായ ജനവികാരവും സംസ്ഥാന സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരവുമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും ആരിഫ് എംപി പറഞ്ഞു.
ആരിഫും കുടുംബവും വീടിന് സമീപത്തെ ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യക്കും മക്കൾക്കുമൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്. തുടർന്ന് എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ബൂത്ത് സന്ദർശിച്ച് പ്രവർത്തകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയാണ് അദ്ദേഹം മടങ്ങിയത്.