ആലപ്പുഴ: കേരള നവോഥാന ചരിത്രത്തിലെ പകരം വയ്ക്കാനാവാത്ത വ്യക്തിത്വമായ ആറാട്ടുപുഴ വേലായുധ പണിക്കർക്ക് ഉചിതമായ സ്‌മാരകം നിർമിക്കണമെന്ന് എ.എം.ആരിഫ് എം.പി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
അധ:സ്ഥിത വിഭാഗങ്ങളിലെ സ്ത്രീകൾക്ക് നിർഭയം നിരത്തുകളിലൂടെ സഞ്ചരിക്കുവാനും മാറുമറയ്ക്കാനും മൂക്കുത്തി അടക്കമുള്ള ആഭരണങ്ങൾ ധരിക്കുന്നതിനുമുള്ള അവകാശം നേടിക്കൊടുത്ത വേലായുധ പണിക്കർക്ക് നാളിതുവരെ ഒരു സ്‌മാരകം നിർമിക്കാൻ സാധിച്ചിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്. 1860ൽ പന്തളത്ത് അദ്ദേഹം നേതൃത്വം നൽകിയ പ്രസിദ്ധമായ 'മൂക്കുത്തി സമര'ത്തിന്‍റെ നൂറ്റി അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എങ്കിലും അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ ആറാട്ടുപുഴയിലോ തട്ടകമായിരുന്ന പത്തിയൂരിലോ ഉചിതമായ ഒരു സ്‌മാരകം നിർമിക്കുന്നതിനും അദ്ദേഹത്തിന്‍റെ ജന്മഗൃഹം ഏറ്റെടുത്ത് സംരക്ഷിത സ്‌മാരകമാക്കുന്നതിനും സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും അയച്ച കത്തിൽ എം.പി. ആവിശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ ഐതിഹാസിക സമരങ്ങളുടെ ചരിത്രം പാഠപുസ്‌തകങ്ങളിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.