ആലപ്പുഴ: നഗരത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും ശുദ്ധജലം എത്തിക്കാൻ ആവിഷ്കരിച്ച പദ്ധതിയായ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. അൻപത്തിയഞ്ചാം തവണയാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടുന്നത്.
തകഴി കേളമംഗലം ഭാഗത്താണ് പൈപ്പിന് തകരാർ സംഭവിച്ചിരിക്കുന്നത്. മൂന്നാം തവണയാണ് ഈ പ്രദേശത്ത് പൈപ്പ് പൊട്ടുന്നത്. ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ചതിനാലാണ് ഇടയ്‌ക്കിടെ ഇവിടെ പൈപ്പ് പൊട്ടുന്നതെന്നും പലതവണ അധികൃതരോട് ഇത് മാറ്റാൻ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി മനോഹരമായ റോഡുകൾ നിർമിച്ചിട്ടുണ്ടെങ്കിലും പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും ഇവർ പറയുന്നു.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴയിൽ നിന്നും തകഴി കടവ് വരെയും തിരുവല്ലയിൽ നിന്ന് പച്ച വരെയും മാത്രമാണ് ഈ റൂട്ടിൽ നിലവിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുള്ളൂ. തകരാർ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.