ആലപ്പുഴ: സോളാർ കേസ് സിബിഐക്ക് വിട്ടതിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ആലപ്പുഴ നഗരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ആർ ശങ്കർ സ്മാരക മന്ദിരത്തിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്തു.
സോളാർ കേസിന്‍റെ പേര് പറഞ്ഞ് സംസ്ഥാന സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സരിതയുടെ പേരും ഉയർത്തിക്കൊണ്ട് വരുന്നത് സിപിഎമ്മിന്‍റെ തന്ത്രമാണെന്നും ലിജു ആരോപിച്ചു. സിബിഐ അന്വേഷണത്തിന് കേസ് കൈമാറിയതും വീണ്ടും ഈ കേസ് ചർച്ച ചെയ്യാൻ നടത്തുന്ന കുടിലതന്ത്രങ്ങളും ആസന്നമായ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ലിജു കുറ്റപ്പെടുത്തി.