ആലപ്പുഴ: ആലപ്പുഴ ആകാശവാണി നിലയത്തിൽ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചു. പ്രസാദ് ഭാരതിയാണ് അടിയന്തരമായി പ്രക്ഷേപണം അവസാനിപ്പിച്ച് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാനും പ്രവർത്തനക്ഷമമായ യന്ത്രസാമഗ്രികൾ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് ഉത്തരവ്. നിലവിൽ ആലപ്പുഴ ആകാശവാണി നിലയത്തിന്‍റെ സംപ്രേഷണപരിധി തിരുവനന്തപുരം മുതൽ തൃശൂർവരെയും ലക്ഷദ്വീപിലെ കവരത്തി മുതൽ തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലവരെയുമാണ്. ഈ ജില്ലകളിലെ ലക്ഷകണക്കിന് ശ്രോതാക്കളാണ് നിലവിൽ ആലപ്പുഴ നിലയത്തിനുള്ളത്. ഇതാണ് പൊടുന്നനെ നിർത്താൻ ആകാശവാണി തീരുമാനിച്ചത്.
പ്രസാദ്‌ഭാരതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റി വൈകീട്ട് നിലയത്തിലേക്ക് മാർച്ച് നടത്തി. വരുംദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനത്തിനെതിരെ കേന്ദ്ര മന്ത്രിക്കുൾപ്പടെ പരാതി നൽകാനുമാണ് തീരുമാനമെന്ന് എഐവൈഎഫ് നേതാക്കൾ വ്യക്തമാക്കി.