ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിനെതിരെ എഐവൈഎഫ് സമ്മേളനത്തിൽ രൂക്ഷ വിമർശനം. കയർ മേഖലയിൽ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോഴും അവ പരിഹരിക്കാൻ യാതൊരു നടപടിയും ധനമന്ത്രി സ്വീകരിക്കുന്നില്ലെന്ന് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് ആരോപിച്ചു. പ്രഖ്യാപനങ്ങൾ അല്ലാതെ വികസനപ്രവർത്തനങ്ങൾ യാഥാർഥ്യമാക്കാൻ മന്ത്രി ശ്രമിക്കുന്നില്ലെന്നും വിമർശനമുണ്ട്.
കയർ തൊഴിലാളികൾ ദുരിതത്തിൽ കഴിയുമ്പോൾ തുഗ്ലക്ക് പരിഷ്കാരങ്ങൾ കൊണ്ടുവന്നു രസിക്കുകയാണ് ധനമന്ത്രി. റോമാ സാമ്രാജ്യം കത്തി അമർന്നപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് അദ്ദേഹമെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി. കെഎസ്‌ഡിപി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ യോഗ്യതയുള്ളവരെ ഒഴിവാക്കി സിപിഎം നേതൃത്വത്തിൽ അനധികൃത നിയമനങ്ങൾ തകൃതിയായി നടക്കുകയാണ്. നിയമനങ്ങൾ പിഎസിക്ക് വിട്ട് യുവാക്കളെ സഹായിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്നും എഐവൈഎഫ് സമ്മേളനത്തിൽ പറഞ്ഞു.