ആലപ്പുഴ : സി.പി.എമ്മിന്‍റെ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് എസ്.എഫ്.ഐക്കെതിരെ കടുത്ത പരാമര്‍ശങ്ങളുള്ളത്. എസ്.എഫ്.ഐ ഫാസിസ്റ്റുകളെ പോലെയാണ് പെരുമാറുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ക്യാമ്പസുകളിൽ ജനാധിപത്യം കശാപ്പ് ചെയ്യുന്ന നിലയിലാണ് എസ്എഫ്ഐ പെരുമാറുന്നത്. വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയുമാണ് അവര്‍ ക്യാമ്പസുകളിൽ ആധിപത്യം സ്ഥാപിക്കുന്നതെന്നും പ്രവർത്തന റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇടതുപക്ഷ ഐക്യം തകർക്കുന്ന നിലയിലാണ് എസ്.എഫ്.ഐ പ്രവർത്തിക്കുന്നത്. ക്യാമ്പസുകളിൽ അവരുടെ തേർവാഴ്ചയാണ് നിലനിൽക്കുന്നത്.
Also Read: എംജി സർവകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ; എസ്എഫ്ഐയ്ക്ക് ആധിപത്യം
സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ക്യാമ്പസുകളിൽ ഇല്ല. എ.ഐ.എസ്.എഫ് പ്രവർത്തകരെ കായികമായി പോലും കൈകാര്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. ഇതിന്റെ തെളിവാണ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അഡ്വ. നിമിഷ രാജുവിനും മറ്റ് പ്രവർത്തകർക്കും മഹാത്മാഗാന്ധി സർവകലാശാലയിൽ നേരിടേണ്ടിവന്ന അക്രമം. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സമ്മേളന റിപ്പോർട്ടിൽ പറയുന്നു.