ആലപ്പുഴ : വിദ്യാർഥികളുടെ കൺസെഷൻ സംബന്ധിച്ച പ്രസ്‌താവനയിൽ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ് സംസ്ഥാന സമ്മേളന പ്രതിനിധികൾ. ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം നടന്ന പൊതുചർച്ചയിലാണ് മന്ത്രിക്കെതിരെ സർക്കാർ അനുകൂല ഇടത് വിദ്യാർഥി സംഘടന രംഗത്തുവന്നത്. കണ്ണൂർ, തൃശൂർ, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.
ഞങ്ങൾ ചോദിക്കുന്നത് ആരുടേയും ഔദാര്യമല്ല, വിദ്യാർഥികളുടെ അവകാശമാണ്. അത് നിഷേധിക്കാൻ മന്ത്രിക്ക് എന്താണ് അവകാശം എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത കൊല്ലത്ത് നിന്നുള്ള പ്രതിനിധി പറഞ്ഞത്. വിദ്യാർഥികളെ അപമാനിക്കുന്ന നിലയിലായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രസ്‌താവന. ഇതിനെതിരെ ആദ്യം രംഗത്തുവന്നത് എഐഎസ്എഫ് ആണ്. ഇനിയും ഇത്തരത്തിൽ വിദ്യാർഥി വിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോയാൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്ന കാര്യം സംസ്ഥാന കമ്മിറ്റി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
ബസ് കൺസെഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രിയുടെയും സ്വകാര്യ ബസുടമകളുടെയും നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ല. ബസ് കൺസെഷന്‍റെ പേരിൽ സമരം നടത്തി രക്തസാക്ഷിയായ സഖാക്കളുടെ പ്രസ്ഥാനമാണ് എഐഎസ്എഫ്. അവകാശ പോരാട്ടങ്ങൾക്ക് വേണ്ടി ജീവൻ നൽകാൻ മടിയില്ലെന്നും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞു. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും മന്ത്രിയുടെ നിലപാടുകൾ തിരുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.