ആലപ്പുഴ: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ പാടശേഖരങ്ങൾ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ സന്ദർശിച്ചു. ദുരിതത്തിലായ കുട്ടനാട്ടിലെ നെൽകർഷകർക്ക് പ്രളയകാലത്ത് നൽകിയ അതേ രീതിയിലുള്ള നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി പറഞ്ഞു. പൊങ്ങയില്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ മന്ത്രി കർഷകരുമായി ചര്‍ച്ച നടത്തുകയും കർഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്‌തു. നെല്ല് സംഭരണത്തിലെ ഈര്‍പ്പം സംബന്ധിച്ച പരാതികളും മന്ത്രി കേട്ടു.
പ്രളയത്തിനുശേഷം തോടുകളിലും കനാലുകളിലും പാടശേഖരങ്ങളിലും അടിഞ്ഞിട്ടുള്ള എക്കൽ മണ്ണ് നീക്കാൻ ആവശ്യമായ നിർദേശങ്ങൾ ഇറിഗേഷന്‍ വകുപ്പിന് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് പമ്പ, അച്ചൻകോവിൽ എന്നീ ആറുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കാണ്. ഇതിനു ശാശ്വത പരിഹാരം കാണാൻ ഇരു നദികളുടെയും കരകളിൽ താമസിക്കുന്ന അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം. അതോടൊപ്പംതന്നെ നീരൊഴുക്ക് വർധിപ്പിക്കാൻ ആഴം കൂട്ടുകയാണ് വേണ്ടതെന്നും സന്ദർശന സംഘത്തിലുണ്ടായിരുന്ന മുൻ ജലവിഭവ വകുപ്പ് മന്ത്രി കൂടിയായ പി.ജെ ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.