ആലപ്പുഴ: കുട്ടനാട് കൈനകരി പ്രദേശത്ത് വാഹനങ്ങൾ കത്തിച്ച സംഭവത്തിലെ പ്രതിയെ പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ യുവാവാണ് കുട്ടനാട് നെടുമുടി പൊലീസിന്‍റെ പിടിയിലായത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസിൽ നിന്ന് ലഭ്യമായ വിവരം.
കൈനകരി പഞ്ചായത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറും ബൈക്കും സ്കൂട്ടറും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം. കരമാർഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്.
പ്രദേശത്തെ വഴിവിളക്കുകൾ നശിപ്പിച്ച ശേഷമായിരുന്നു പ്രതിയുടെ പരാക്രമം. സാമൂഹ്യവിരുദ്ധരുടെ അക്രമം എന്ന നിലയിലാണ് നാട്ടുകാരും നശിപ്പിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളും പൊലീസിൽ പരാതി നൽകിയിരുന്നത്. ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചതെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
പ്രദേശത്തെ ചില വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ച് കേസിൽ വ്യക്തമായ തെളിവുകൾ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പൊലീസ്.
Also read: സാമൂഹ്യവിരുദ്ധര്‍ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു