ആലപ്പുഴ: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാല്‍ വേഗത്തില്‍ മറുപടി നല്‍കണമെന്നും ജനാധിപത്യത്തില്‍ പൗരന്മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ഉദ്യോഗസ്ഥര്‍ മാനിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറുപടികള്‍ വ്യക്തവും പൂര്‍ണവുമാകണമെന്നും മറ്റൊരു അപേക്ഷയുമായി വീണ്ടും വരാന്‍ സാഹചര്യം ഒരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന 30 ദിവസം എന്നത് ഇതിനായി എടുക്കാവുന്ന പരമാവധി സമയമാണ്. എത്രയും പെട്ടെന്ന് അപേക്ഷകന് വിവരം കൈമാറണം.
ഇതില്‍ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരെ അപ്പീല്‍ സമയത്ത് കമ്മീഷന്‍ നടപടിയെടുക്കും. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും അപ്പലറ്റ് അതോറിറ്റിയും എല്ലാ മറുപടികളിലും പേരും സ്ഥാനപ്പേരും വയ്ക്കണം. അപേക്ഷകര്‍ക്ക് വിവരം നല്‍കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കരുത്. കൂടുതല്‍ വിവരം നല്‍കിയാല്‍ കുഴപ്പമില്ല. ചോദ്യ രൂപേണയായത് കൊണ്ട് മറുപടി നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തില്‍ എവിടെയും പറയുന്നില്ലെന്നും ചോദ്യരൂപത്തിലുള്ള അപേക്ഷകളിലും വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ നല്‍കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.
വിവരാവകാശ കമ്മീഷണര്‍മാരായ എസ്.സോമനാഥന്‍ പിളള, ഡോ. കെ.എല്‍ വിവേകാനന്ദന്‍, കെ.വി സുധാകരന്‍, പി.ആര്‍ ശ്രീലത എന്നിവരും ഉദ്യോഗസ്ഥരുടെ സംശങ്ങള്‍ക്ക് മറുപടി നല്‍കി. വിവിധ വകുപ്പുകളില്‍പ്പെട്ട വിവരാവകാശ ഓഫീസര്‍മാര്‍, ഒന്നാം അപ്പീല്‍ അധികാരികള്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.