ആലപ്പുഴ: അടിപിടി കേസിൽ അറസ്റ്റിലായ പത്തൊൻപതുകാരൻ വീടിനുള്ളില്‍ ആത്മഹത്യ ചെയ്തു.പൊലീസ് ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിവച്ചാണ് പത്തൊൻപതുകാരൻ ആത്മഹത്യ ചെയ്തത്. ആലപ്പുഴ അവലൂക്കുന്ന് സ്വദേശി മാധവനാണ് മരിച്ചത്. അടിപിടിക്കേസില്‍ ഇന്നലെ മാധവനെ ആലപ്പുഴ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മാധവന്‍റെ അച്ഛനെയും സഹോദരനെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു.
കേസിലെ വാദിയുടെ അമ്മ വക്കീൽ ഗുമസ്തയാണെന്നും ഇവരുടെ സ്വാധീനമുപയോഗിച്ച് തന്നെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ജോണി ശ്രമിച്ചെന്നുമാണ് പത്തൊൻപതുകാരൻ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മാധവൻ എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പില്‍ പോലീസിനെതിരെ ഗുരുതര ആരോപണമാണുള്ളത്. സംഭവത്തിൽ പൊലീസ് വീഴ്ച സംബന്ധിച്ച് വകുപ്പുതല അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മാധവന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.