ആലപ്പുഴ: അഞ്ച് വര്‍ഷത്തിനുള്ളില്‍ 150 കോടി രൂപയുടെ വരുമാനം ലഭിക്കുന്ന തരത്തിലേക്ക് സിബിഎല്‍ മാറുമെന്ന് ധനമന്ത്രി ഡോ ടിഎം തോമസ് ഐസക് പറഞ്ഞു. ആലപ്പുഴ കലക്ടറേറ്റില്‍ ചേര്‍ന്ന എൻടിബിആർ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാമ്പ്യന്‍സ് ബോട്ട് ലീഗ് വരുന്നതോടെ വള്ളംകളികളുടെ സ്വഭാവം തന്നെ മാറും. നെഹ്‌റു ട്രോഫിയുടെ തനിമയില്‍ മാറ്റം ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. നെഹ്‌റു ട്രോഫിയുടെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പണത്തിന് മുഴുവന്‍ ഗ്യാരന്‍റിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ബജറ്റില്‍ ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുന്ന തുകയും സ്‌പോണ്‍സറില്‍ നിന്നും ലഭിക്കുന്ന തുകയും സിബിഎല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സബ് കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉള്‍പ്പടെയുള്ള എൻടിബിആർ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.
ഉദ്യോഗസ്ഥർ ടിക്കറ്റ് വില്‍ക്കുന്ന പതിവ് അവസാനിപ്പിക്കുമെന്നും ടൂറിസം വകുപ്പ് വഴി ചാമ്പ്യൻസ് ബോട്ട് ലീഗ് കമ്പനി ടിക്കറ്റ് വിൽക്കുമെന്നും യോഗത്തിൽ മന്ത്രി വ്യക്തമാക്കി. എന്നാൽ സിബിഎല്ലുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾക്ക് ഇനിയും വ്യക്തത വരേണ്ടതുണ്ട്. കമ്പനി എത്രപേരെ കൊണ്ടുവരും, നെഹ്റു ട്രോഫിക്ക് ഇക്കാലമത്രയും നേതൃത്വം നൽകിയവർ പുറത്താകുമോ, നാട്ടുകാർക്ക് വിൽക്കുന്ന ടിക്കറ്റിന് ഗാലറി എവിടെ നിർമ്മിക്കും, കമ്പനി വിൽക്കുന്ന ടിക്കറ്റുമായി വരുന്നവരെ ഗാലറിയിലേക്ക് കയറ്റിവിടുന്ന ചുമതല ആർക്ക്, എല്ലാവർഷവും കമ്പനി ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.