ടോക്കിയോ: ടേബിള്‍ ടെന്നീസ് ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ സിംഗില്‍സ് മൂന്നാം റൗണ്ടില്‍ ചൈനയുടെ ഒളിമ്പിക് ചാമ്പ്യന്‍ ലോങ് മായോട് തോറ്റ് ശരത് കമല്‍ പുറത്ത്. 46 മിനിട്ട് നീണ്ടു നിന്ന മത്സരത്തില്‍ 4-1നാണ് താരം തോല്‍വി വഴങ്ങിയത്.
ആദ്യ സെറ്റ് 11-7ന് കൈവിട്ടതിന് പിന്നാലെ രണ്ടാം സെറ്റ് 8-11ന് സ്വന്തമാക്കി ശരത് മത്സരത്തിലേക്ക് തിരിച്ചു വന്നിരുന്നു. മൂന്നാം സെറ്റില്‍ ചൈനീസ് ഇതിഹാസത്തിന് ശക്തമായ വെല്ലുവിളിയാവാനും താരത്തിന് കഴിഞ്ഞു. 13-11നാണ് ഈ സെറ്റ് ലോങ് മാ സ്വന്തമാക്കിയത്.
എന്നാല്‍ നാലും അഞ്ചും സെറ്റുകള്‍ 11-4ന് സ്വന്തമാക്കിയ ചൈനീസ് താരം മത്സരവും നേടുകയായിരുന്നു. സ്കോര്‍: 11-7, 8-11, 13-11, 11-4, 11-4. ഇന്ത്യയുടെ വനിതാ താരം മണിക ബത്രയും നേരത്തെ പുറത്തായിരുന്നു.