ഹരിദ്വാര്‍: ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യന്‍ വനിതാ ടീം സെമിയിൽ പുറത്തായതിന് പിന്നാലെ താരങ്ങൾക്കെതിരെ ജാതി അധിക്ഷേപം. വന്ദന കതാരിയയുടെ ഹരിദ്വാര്‍ ജില്ലയിലെ റോഷ്‌നാബാദിലുള്ള കുടുബത്തിനാണ് ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്. വന്ദനയുടെ വീടിന് മുന്നിൽ എത്തിയ ചിലര്‍ താരത്തേയും കുടുംബത്തേയും അധിക്ഷേപിക്കുകയും വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
താരത്തിന്‍റെ സഹോദരന്‍ ചന്ദ്രശേഖർ കതാരിയ നല്‍കിയ രേഖാമൂലമുള്ള പരാതിയിൽ പടക്കം പൊട്ടിച്ച ഒരാളെ സിദ്ധ്കുള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും സ്റ്റേഷന്‍ എസ്എച്ച്ഒ ലഖ്പത് സിങ് ബുട്ടോല അറിയിച്ചു.
also read: 'ഈ വിജയം കൊവിഡ് പോരാളികള്‍ക്ക്'; വികാരാധീനനായി മന്‍പ്രീത്
അതേസമയം ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ ടീമിന്‍റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് വനന്ദ. ശനിയാഴ്‌ച സൗത്ത് ആഫ്രിക്കയ്ക്കെതിരെ നടന്ന നിര്‍ണായമായ മത്സരത്തില്‍ ഹാട്രിക് ഗോളുകള്‍ നേടിയ താരത്തിന്‍റെ മികവിലാണ് ടീം സെമി പിടിച്ചത്. ഇതോടെ ഒളിമ്പിക് ഹോക്കിയില്‍ ഹാട്രിക് നേടുന്ന ആദ്യ വനിതയെന്ന റെക്കോഡ് സ്വന്തമാക്കാനും താരത്തിനായി.