ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിലെ ജാവലിന്‍ താരം നീരജ് ചോപ്രയുെട സ്വര്‍ണമെഡല്‍ നേട്ടം വരും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. നീരജിന്‍റേത് ചരിത്ര വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയുടെ സുവര്‍ണ താരത്തെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി രംഗത്തെത്തിയത്.
''ഓരോ ഇന്ത്യക്കാരനും ടിവി സ്‌ക്രീനുകളിൽ ഒട്ടിക്കപ്പെട്ടുവെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ചരിത്ര വിജയവും വലിയ നേട്ടവുമാണ്. അവന്‍ മഹനീയമായ നേട്ടമാണ് കൈവരിച്ചത്. രാജ്യത്തെ 135 കോടി ജനങ്ങൾക്ക് വേണ്ടിയും ഞാന്‍ അവനെ അഭിനന്ദിക്കുന്നു. വരും തലമുറകള്‍ക്ക് കായിക രംഗത്തേക്ക് കടന്ന് വരാനും കൂടുതല്‍ മെഡലുകള്‍ കണ്ടെത്താനും വലിയ പ്രതീക്ഷ നല്‍കുന്നതാണിത്''. അനുരാഗ് താക്കൂര്‍ പറഞ്ഞു.
''ലോകം കൊവിഡ് പ്രതിസന്ധികളെ അഭിമുഖീകരിക്കുകയായിരുന്നു. ഇത്തരം മത്സരങ്ങള്‍ക്കായി തയ്യാറാവുകയെന്നത് ഏതൊരു കായികതാരത്തിനേയും അസോസിയേഷനേയും സര്‍ക്കാറിനേയും സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. കായികതാരങ്ങളെ വിദേശത്തേക്ക് അയക്കാനും അവര്‍ക്ക് മികച്ച പരിശീലനങ്ങള്‍ ലഭ്യമാക്കാനും ഇന്ത്യൻ സർക്കാർ പരമാവധി ശ്രമിച്ചു. രാജ്യം ഒളിമ്പിക് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയതില്‍ അതിയായ സന്തോഷമുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
also read: ഒളിമ്പിക്സില്‍ കൂടുതല്‍ മെഡലുകളുമായി ഇന്ത്യ; ടോക്കിയോ ഒരു പുതുചരിത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയ നിരവധി പ്രമുഖര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. "ടോക്കിയോയിൽ ചരിത്രം രചിക്കപ്പെട്ടു. നീരജ് ചോപ്രയുടെ നേട്ടം എന്നെന്നും ഓർമിക്കപ്പെടും. അഭിനിവേശത്തോടെയും സമാനതകളില്ലാത്ത ധൈര്യത്തോടെയുമാണ് നീരജ് മികച്ച പ്രകടനം കാഴ്ച വച്ചത്. സ്വർണം നേടിയതിന് അഭിനന്ദനങ്ങൾ" എന്നായിരുന്നു മോദി ട്വിറ്ററിൽ കുറിച്ചത്.