ടോക്കിയോ: ഇന്ത്യന്‍ വനിതാ ഹോക്കി താരം വന്ദന കടാരിയയ്ക്കും കുടുംബത്തിനും നേരെയുണ്ടായ ജാതി അധിക്ഷേപം ലജ്ജാകരമെന്ന് ക്യാപ്റ്റന്‍ റാണി റംപാല്‍. ടോക്കിയോയില്‍ നിന്നും വെർച്വൽ പ്രസ് കോണ്‍ഫറന്‍സിനിടെ സംസാരിക്കവെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇക്കാര്യം പറഞ്ഞത്. മതം, ജാതി എന്നിവയ്ക്ക് അധീതമായാണ് തങ്ങള്‍ രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുന്നതെന്നും റാണി റാംപാല്‍ പറഞ്ഞു.
"സംഭവിച്ചത് വളരെ മോശമായ കാര്യമാണ്. നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. മതം, ജാതി എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എല്ലാ തരത്തിലുള്ള വിവേചനങ്ങളും അവസാനിപ്പിക്കേണ്ടതാണ്. കാരണം ഇതിനെല്ലാം ഉപരിയായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്" റാണി പറഞ്ഞു.
"ഞങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വരുന്നത്, വ്യത്യസ്ത മതങ്ങളാണ് പലരും പിന്തുടരുന്നത്. എന്നാൽ ഇവിടെ വരുമ്പോൾ ഞങ്ങൾ ഇന്ത്യയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നു. പക്ഷെ ആളുകൾ അത്തരം പെരുമാറ്റത്തിൽ ഏർപ്പെടുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു". ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
Also read: ഒളിമ്പിക് ഹോക്കിയിലെ തോല്‍വി; വന്ദന കതാരിയക്ക് നേരെ ജാതി അധിക്ഷേപം
"ഒരു മെഡൽ നേടിയില്ലെങ്കിലും ഞങ്ങൾക്ക് വളരെയധികം സ്നേഹം നൽകിയ ആളുകളുമുണ്ട്. അതിനാൽ അത്തരം ആളുകളിൽ നിന്ന് 'അവർ' പഠിക്കേണ്ടതുണ്ട്. ഇന്ത്യയെ ഒരു ഹോക്കി രാഷ്ട്രമാക്കണമെങ്കിൽ നമുക്ക് എല്ലാവരെയും ആവശ്യമാണ്" താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യന്‍ വനിതാ ടീം സെമിയിൽ പുറത്തായതിന് പിന്നാലെയാണ് വന്ദനയ്ക്കും കുടുംബത്തിനും നേരെ ചിലര്‍ ജാതി അധിക്ഷേപം നടത്തിയത്. വന്ദനയുടെ ഹരിദ്വാര്‍ ജില്ലയിലെ റോഷ്‌നാബാദിലുള്ള കുടുബത്തിനാണ് ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്.
താരത്തിന്‍റെ വീടിന് മുന്നിൽ എത്തിയ ചിലര്‍ താരത്തേയും കുടുംബത്തേയും അധിക്ഷേപിക്കുകയും വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുകയും ചെയ്യുകയാണുണ്ടായത്. അതേസമയം സൗത്ത് ആഫ്രിക്കയ്ക്കെതിരായ നിര്‍ണായ മത്സരത്തില്‍ ഹാട്രിക് ഗോളുകള്‍ നേടിയ താരത്തിന്‍റെ മികവിലായിരുന്നു ഇന്ത്യ സെമി ഉറപ്പിച്ചത്.