ടോക്കിയോ : ടോക്കിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം. ജാവലിൻ ത്രോയിലൂടെ സുമിത് ആന്‍റിലാണ് പൊന്നണിഞ്ഞത്. 68.55 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് സുമിത് രാജ്യത്തിന്‍റെ മെഡല്‍നേട്ടം ഏഴാക്കിയത്.
പുരുഷന്മാരുടെ എഫ് 64 വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയൻ താരം മൈക്കള്‍ ബുരിയൻ (66.29 മീറ്റർ), ശ്രീലങ്കയുടെ ദുലൻ കൊടിതുവാക്കു (65.61 മീറ്റർ) എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും നേടി.
കാലുകൾ മുറിച്ചുമാറ്റിയതും കൃത്രിമ കാല്‍ ഘടിപ്പിച്ചവരുമായ കായികതാരങ്ങളെയാണ് എഫ് 64 ല്‍ പരിഗണിക്കുന്നത്.
അഞ്ചാമത്തെ ഊഴത്തിലാണ് ഈ 23 കാരൻ സ്വര്‍ണം എറിഞ്ഞുവീഴ്‌ത്തിയത്. ഹരിയാനയിലെ സോനെപത് സ്വദേശിയായ സുമിത് ആന്‍റിലിന് 2015 ൽ നടന്ന മോട്ടോർ ബൈക്ക് അപകടത്തെ തുടര്‍ന്നാണ് ഇടതുകാലിന്‍റെ മുട്ടിന് താഴെ നഷ്ടപ്പെട്ടത്.
ALSO READ: ടോക്യോ പാരാലിമ്പിക്‌സ്; ചരിത്ര നേട്ടം സ്വന്തമാക്കിയ അവാനി ലേഖാരയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
അപടത്തിന് മുന്‍പ്, ഡൽഹി രാംജാസ് കോളജില്‍ വിദ്യാർഥിയായിരിക്കെ ആന്‍റില്‍ ഗുസ്‌തിയില്‍ മികവ് തെളിയിച്ചിരുന്നു.
2018 ൽ ഭിന്നശേഷിക്കാര്‍ക്ക് സ്വന്തം ഗ്രാമമായ സോനെപതില്‍ മത്സരം സംഘടിപ്പിച്ചു. ഇതാണ് സുമിത്തിന് ടോക്കിയോയില്‍ മിന്നുന്ന പ്രകടനം നടത്താന്‍ ഊര്‍ജമായത്.
മാർച്ച് അഞ്ചിന് പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രിക്‌സ് മൂന്നാം പരമ്പരയില്‍ ഒളിമ്പിക്‌സ് ചാമ്പ്യൻ നീരജ് ചോപ്രയ്‌ക്കെതിരെയും സുമിത് മത്സരിച്ചിരുന്നു.
66.43 മീറ്ററില്‍ ആന്‍റില്‍ ജാവലിന്‍ എറിഞ്ഞപ്പോള്‍ 88.07 മീറ്ററാണ് ചോപ്ര കുറിച്ചത്. 2019 ൽ ദുബായില്‍ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ എഫ് 64 ല്‍ വെള്ളി നേടിയിട്ടുണ്ട്.