ലണ്ടൻ: വിംബിൾഡണില്‍ പുരുഷ സെമിഫൈനല്‍ ലൈനപ്പായി. വീണ്ടുമൊരു നദാല്‍ - ഫെഡറർ ക്ലാസിക്ക് പോരാട്ടത്തിന് വിംബിൾഡൺ സാക്ഷ്യം വഹിക്കും. ആദ്യ സെമിയില്‍ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ച് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗുറ്റിനെ നേരിടും. രണ്ടാം സെമിയിലാണ് ആരാധകർ കാത്തിരിക്കുന്ന നദാല്‍ - ഫെഡറർ പോരാട്ടം.
2008ലെ ഫൈനലിന് ശേഷം ഇതാദ്യമായാണ് നദാലും ഫെഡററും വിംബിൾഡണില്‍ നേർക്കുന്നേർ വരുന്നത്. ക്വാർട്ടർ ഫൈനലില്‍ അമേരിക്കൻ താരം സാം കൂരെയെ തോല്‍പ്പിച്ചാണ് നദാല്‍ സെമിയില്‍ പ്രവേശിച്ചത്. അതേസമയം ജപ്പാന്റെ കെയ് നിഷിക്കോരിയായിരുന്നു ഫെഡററിന്റെ എതിരാളി. നാല് സെറ്റുകൾ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു ഫെഡററിന്റെ ജയം.
ആദ്യ വിംബിൾഡൺ ക്വാർട്ടർ ഫൈനലിന് ഇറങ്ങിയ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗുറ്റ് അർജന്റീനയുടെ ഗൈഡോ പെല്ലയെയാണ് തോല്‍പ്പിച്ചത്. ഇരുതാരങ്ങളും തങ്ങളുടെ ആദ്യ ക്വാർട്ടർ പോരാട്ടത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാല് സെറ്റുകൾ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു റോബർട്ടോയുടെ ജയം. ബെല്‍ജിയം താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്‍പ്പിച്ചാണ് ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് സെമി ഫൈനലില്‍ കടന്നത്.