ലോസാന്‍: ഇന്‍റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ (ഐടിടിഎഫ്) എല്ലാ പരിപടികളും ജൂലൈ അവസാനം വരെ നീട്ടുന്നതായി പ്രഖ്യാപിച്ചു. ഓഗസ്റ്റിൽ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഐടിടിഎഫ്. ലോക ടേബിൾ ടെന്നീസ് സമിതി വെള്ളിയാഴ്ച ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ കൊവിഡ്-19 നെ കുറിച്ചുള്ള സാഹചര്യത്തെ പറ്റി ചർച്ച ചെയ്തു. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് രണ്ട് ലോക ടൂർണമെന്‍റ് മത്സരങ്ങൾ ഉൾപ്പെടെ ഒമ്പത് ടൂർണമെന്‍റുകള്‍ റദ്ദാക്കാൻ ഐടിടിഎഫ് നിർബന്ധിതരായി. 2020 ലെ എല്ലാ ലോക വെറ്ററൻസ് ടൂർണമെന്‍റ് (ഡബ്ല്യുവിടി), ടേബിൾ ടെന്നീസ് എക്സ് (ടിടിഎക്സ്) ഇവന്‍റുകളും റദ്ദാക്കാന്‍ സമിതി തീരുമാനിച്ചു, 2020 ലെ ലോക ടീം ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്‍റെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുകയും മൊത്തത്തിലുള്ള പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്താൻ മാനേജ്‌മെന്‍റിനോട് ആവശ്യപ്പെടുകയും ചെയ്തു. മാർച്ചിൽ ബുസാനിൽ നടക്കാനിരുന്ന ലോക ടീം ചാമ്പ്യൻഷിപ്പിനായി ഐടിടിഎഫ് പുതിയ തീയതികളും നിശ്ചയിച്ചിരുന്നു. സെപ്റ്റംബർ-ഒക്ടോബർ വരെ അവ പുനക്രമീകരിച്ചെങ്കിലും തീരുമാനം അടുത്ത മാസം അറിയിക്കും. ഹാന ബാങ്ക് 2020 ലോക ടീം ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്‍റെ അവസ്ഥയെക്കുറിച്ച് 2020 ജൂണിൽ തീരുമാനമെടുക്കും.
സാമ്പത്തികം കൈകാര്യം ചെയുന്നതിനായി എച്ച്‌ആർ പുന:സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഉൾപ്പെടെ പ്രവർത്തനച്ചെലവ് മൊത്തത്തിൽ കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ ഐടിടിഎഫ് മാനേജ്‌മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഏപ്രിലിൽ ഓസ്‌ട്രേലിയൻ ഓപ്പൺ, ദക്ഷിണ കൊറിയൻ ഓപ്പൺ എന്നിവ ഐടിടിഎഫ് റദ്ദാക്കിയിരുന്നു. വേൾഡ് ടൂർ പ്ലാറ്റിനം ഇവന്‍റായ ഓസ്‌ട്രേലിയൻ ഓപ്പൺ ജൂൺ 23 മുതൽ 28 വരെ ഷെഡ്യൂൾ ചെയ്തിരുന്നു. ദക്ഷിണ കൊറിയൻ ഓപ്പൺ ജൂൺ 16 നും 21 നും ഇടയിൽ നടക്കേണ്ടതായിരുന്നു. ഐടിടിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റി ജൂൺ രണ്ടിന് വീണ്ടും യോഗം ചേരും. തുടർന്ന് കൊവിഡ് 19 പകർച്ചവ്യാധി കണക്കിലെടുത്ത് വരാനിരിക്കുന്ന എല്ലാ തീരുമാനങ്ങളെക്കുറിച്ചും കൂടുതൽ അപ്‌ഡേറ്റുകൾ നൽകുമെന്ന് ഐടിടിഎഫ് അറിയിച്ചു.