ദുബായ് : പാകിസ്ഥാനോട് ആദ്യ മത്സത്തിൽ പരാജയപ്പെട്ടെങ്കിലും ഇത്തവണ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് ഓസീസ് ബോളിങ് ഇതിഹാസം ബ്രെറ്റ് ലീ. പാകിസ്ഥാനെതിരായ തോല്‍വിയില്‍ പതറേണ്ടതില്ലെന്നും സമ്മര്‍ദമില്ലാതെ മുന്നോട്ടുപോവുക മാത്രമാണ് ടീം ചെയ്യേണ്ടതെന്നും ലീ പറഞ്ഞു.
അതേസമയം ഹാർദിക് പാണ്ഡ്യ ബോൾ ചെയ്യണമെന്നും, ഭുവനേശ്വർ കുമാർ പേസ് കൂട്ടണമെന്നും താരം അഭിപ്രായപ്പെട്ടു. ഹാർദിക് പാണ്ഡ്യ മികച്ച കഴിവുകളുള്ള താരമാണ്. പാണ്ഡ്യ ബോളിങ് ചെയ്‌താൽ ഇന്ത്യൻ ടീം കൂടുതൽ ശക്‌തമാകും.
പാണ്ഡ്യ പൂർണ ഫിറ്റ് അല്ലെങ്കിൽ ഇന്ത്യൻ ടീം മറ്റ് പോം വഴികൾ അന്വേഷിക്കേണ്ടതായി വരും. പക്ഷേ ഒരു മികച്ച ഓൾ റൗണ്ടർ ടീമിലുണ്ടാവേണ്ടത് ഏറെ ആവശ്യമാണ്, ലീ പറഞ്ഞു.
അതേ സമയം ഭുവനേശ്വർ കുമാറിന്‍റെ വേഗത കുറഞ്ഞ പന്തുകൾക്കെതിരെയും ലീ പ്രതികരിച്ചു. ബോൾ രണ്ട് വശത്തേക്കും സ്വിങ് ചെയ്യിക്കാൻ കഴിവുള്ള താരമാണ് ഭുവനേശ്വർ കുമാർ. വളരെ കുറച്ച് ബോളർമാർക്ക് മാത്രമേ ഇത്തരത്തിലുള്ള കഴിവുകളുള്ളൂ.
അതിനാൽ തന്നെ എന്‍റെ അഭിപ്രായത്തിൽ ഭുവനേശ്വർ 140 കിലേമീറ്റർ സ്‌പീഡിൽ എങ്കിലും ബോൾ ചെയ്യണം. ഭുവി കൂടുതൽ വേഗത്തിലും വ്യത്യസ്തമായും ബോൾ ചെയ്യണമെന്നാണ് എന്‍റെ അഭിപ്രായം, ലീ കൂട്ടിച്ചേർത്തു.
ALSO READ : ടി 20 ലോകകപ്പ് : ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസണ് പരിക്ക്, ടൂർണമെന്‍റിൽ നിന്ന് പുറത്ത്
ഇന്ത്യന്‍ ടീം ഗംഭീരമാണ്. എന്നിട്ടും മത്സരം തട്ടിയെടുത്തതിന് പാകിസ്ഥാന് കൈയടി നല്‍കണം. വിരാട് കോലി മാത്രമാണ് നന്നായി കളിച്ചത്. ഐപിഎല്ലില്‍ അത്ര പരിചയമില്ലാത്ത അധിക പേസായിരിക്കാം കെ എല്‍ രാഹുലിന് തിരിച്ചടിയായത്. എന്നാൽ ഇപ്പോഴും ഇന്ത്യ കിരീട സാധ്യതയുള്ള ടീമാണ്, ലീ കൂട്ടിച്ചേർത്തു.