ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ (Brij Bhushan Singh) ലൈംഗികാതിക്രമ പരാതിയില്‍ ഡല്‍ഹി പൊലീസ് ഇന്ന് (ജൂണ്‍ 15) കുറ്റപത്രം സമര്‍പ്പിക്കും. നേരത്തെ, ഗുസ്‌തി താരങ്ങളുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ (Anurag Thakur) നടത്തിയ കൂടിക്കാഴ്‌ചയില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് ഇന്ന് സ്ഥാനമൊഴിയുന്ന അഖിലേന്ത്യ റെസ്‌ലിങ് ഫെഡറേഷന്‍ (WFI) മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ജൂണ്‍ 7-നായിരുന്നു കേന്ദ്ര കായിക മന്ത്രി ഗുസ്‌തി താരങ്ങളായ സാക്ഷി മാലിക്ക് (Sakshi Malik), ബജ്‌റങ് പുനിയ (Bajrang Punia) എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയത്. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ജൂണ്‍ 15-നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മന്ത്രി താരങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഇതിനെ പിന്നാലെയായിരുന്നു ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിച്ചത്.
നേരത്തെ, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണത്തിന്‍റെ ഭാഗമായി അഞ്ച് വിദേശ രാജ്യങ്ങളുടെ സഹായം ഡല്‍ഹി പൊലീസ് തേടിയിരുന്നു. ഇന്തൊനേഷ്യ, ബൾഗേറിയ, കിർഗിസ്ഥാൻ, മംഗോളിയ, കസാക്കിസ്ഥാൻ രാജ്യങ്ങളിലെ ഗുസ്‌തി ഫെഡറേഷനുകളോടാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞത്. കേസന്വേഷണത്തിന്‍റെ ഭാഗമായി ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പടെയുള്ള വിവരങ്ങളായിരുന്നു പൊലീസ് വിദേശ ഫെഡറേഷനുകളോട് ആവശ്യപ്പെട്ടിരുന്നത്
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കേസുകളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ അനുബന്ധ കുറ്റപത്രത്തിൽ ചേർക്കും.
ചോദ്യം ചെയ്‌തത് 180 പേരെ: ബിജെപി എംപിയും അഖിലേന്ത്യ റസ്‌ലിങ് ഫെഡറേഷന്‍ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘം ഇതുവരെ 180ല്‍ അധികം ആളുകളെ ചോദ്യം ചെയ്യലിന് വിധേയരാക്കിയിട്ടുണ്ട്. അന്വേഷണ സംഘം ബ്രിജ് ഭൂഷണിന്‍റെ വസതിയിലും എത്തിയിരുന്നു. കുറ്റകൃത്യത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം പുനഃസൃഷ്‌ടിക്കുന്നതിനായി ഒരു വനിത ഗുസ്‌തി താരത്തെ ദേശീയ തലസ്ഥാനത്തെ എംപിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രത്യേക അന്വേഷണ സംഘം കൊണ്ടുപോയിരുന്നു.
ഗുസ്‌തി താരങ്ങളുടെ ആവശ്യങ്ങള്‍: കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ തങ്ങള്‍ ആവശ്യപ്പെട്ട സമയത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പ് ഗുസ്‌തി താരങ്ങള്‍ നല്‍കിയിരുന്നു. ജൂണ്‍ 30-നകം തന്നെ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും താരങ്ങള്‍ ഉന്നയിച്ചിരുന്നെന്ന് നേരത്തെ തന്നെ കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരുന്നു.
ബ്രിജ് ഭൂഷണ്‍ വീണ്ടും റെസ്‌ലിങ് ഫെഡറേഷന്‍ മേധാവി സ്ഥാനത്തേക്ക് മത്സരിക്കരുത്, ഫെഡറേഷന് പുറത്ത് നിന്നും അദ്ദേഹത്തിന്‍റെ സ്വാധീനം ഉപയോഗിക്കാന്‍ അനുവദിക്കരുത്, ദേശീയ ഗുസ്‌തിക്കാരുടെ സംഘടനയില്‍ ഒരു ഇന്‍റേണല്‍ കംപ്ലയിന്‍റ് കമ്മിറ്റി രൂപീകരിക്കണം, ഒരു സ്‌ത്രീ ആ കമ്മിറ്റിയുടെ തലവയാകണം തുടങ്ങിയ കാര്യങ്ങളും താരങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.