ന്യൂഡല്‍ഹി: ദേശീയ ഗുസ്‌തി താരം ബജ്‌രംഗ് പുനിയ ഒരു മാസത്തെ പരിശീലനത്തിനായി അമേരിക്കയിലേക്ക്. ഈ മാസം 26ന് നടന്ന 50ാമത്തെ മിഷൻ ഒളിമ്പിക് സെൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഡിസംബർ നാല് മുതൽ ജനുവരി മൂന്ന് വരെ യുഎസ്എയിലെ മിഷിഗനിലാണ് പരിശീലന ക്യാമ്പ് നടക്കുക. ക്ലിഫ് കീൻ റെസ്ലിംഗ് ക്ലബിൽ 14 ലക്ഷം രൂപ ചെലവിലാണ് ക്യാമ്പ് നടക്കുക. പരിശീലകനും ഫിസിയോയും ബജ്‌രംഗിനൊപ്പം അമേരിക്കയിലേക്ക് യാത്രയാകും.
കൊവിഡ് 19 ലോക്ക് ഡൗണിന് ശേഷം സോനാപാറ്റിലെ സായി പരിശീലന കേന്ദ്രത്തിലാണ് ബജ്‌രംഗ് പരിശീലനം നടത്തിവരുന്നത്. അമേരിക്കയിലെ പരിശീലന ക്യാമ്പിൽ രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനായ സെർജി ബെലോഗ്ലാസോവിനൊപ്പവും മുഖ്യ പരിശീലകനൊപ്പവും ക്യാമ്പില്‍ ബജ്‌രംഗ് ട്രെയിനിങ് നടത്തും. 2019 ലോക ചാമ്പ്യൻഷിപ്പിൽ ക്വാട്ട നേടിയ ശേഷമാണ് ബജ്രംഗ് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത സ്വന്തമാക്കിയത്.
അടുത്ത വര്‍ഷം ജൂലൈ 23നാണ് ടോക്കിയോ ഒളിമ്പിക്‌സ് ആരംഭിക്കുക. കൊവിഡ് 19 പശ്ചാത്തലത്തില്‍ 2020 ജൂലൈ 22ന് ആരംഭിക്കാനിരുന്ന ഗെയിംസാണ് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് അസോസിയേഷന്‍ മാറ്റിവെച്ചത്.