നിഖാത് സറീൻ.. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ കായിക രംഗത്ത് ഏറ്റവുമധികം കേട്ട പേരാണിത്. തുർക്കിയിൽ നടന്ന ലോക ബോക്‌സിങ് വനിത ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യയുടെ യശസ് ഉയർത്തിയ ഹൈദരാബാദുകാരി. എന്നാൽ വർഷങ്ങൾക്ക് മുന്നേ കൃത്യമായി പറഞ്ഞാൽ 2019ൽ ഇന്ത്യൻ ബോക്‌സിങ് രംഗത്ത് വിവാദങ്ങളുടെ ഒരു കൊടുമുടി തീർത്തിരുന്നു നിഖാത് സറീൻ എന്ന 25കാരി. അതും ബോക്‌സിങ് ഇതിഹാസം സാക്ഷാൽ മേരി കോമിനെ വെല്ലുവിളിച്ചുകൊണ്ട്.
ആരാണ് ഈ നിഖാത്? ഒരു കാലത്ത് ബോക്‌സിങ് പ്രകടനങ്ങളെക്കാലേറെ മേരി കോമുമായുള്ള പോരാട്ടത്തിലൂടെയാണ് നിഖാത് സറീൻ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നത്. അന്ന് 'ആരാണ് ഈ നിഖാത്' എന്ന മേരി കോമിന്‍റെ ചോദ്യത്തിനുള്ള ഉത്തരം വർഷങ്ങൾക്കിപ്പുറം കാട്ടിക്കൊടുക്കാൻ നിഖാത് സറീനിനായി. ടോക്കിയോ ഒളിമ്പിക്‌സിന്‍റെ യോഗ്യത റൗണ്ടിലായിരുന്നു ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്‍റെ തുടക്കം. വാക്കാൽ തുടങ്ങിയ പോരാട്ടം ഒടുവിൽ ഇടിക്കൂട്ടിൽ തകർപ്പൻ ഇടിയോടെയാണ് അവസാനിച്ചത്. എന്നാൽ അവിടെ വിജയം മേരി കോമിനൊപ്പമായിരുന്നു.
ടോക്കിയോ ഒളിമ്പിക്‌സിനു മുന്നോടിയായി റഷ്യയിൽ നടന്ന ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണവും വെള്ളിയും നേടുന്ന താരങ്ങളെ മാത്രമേ തൊട്ടടുത്ത വർഷം ചൈനയിൽ ഒളിംപിക് യോഗ്യതാ ചാമ്പ്യൻഷിപ്പിന് അയയ്ക്കൂ എന്നാണ് ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ലോക ബോക്‌സിങ്ങിൽ 51 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ വെങ്കല മെഡലിൽ ഒതുങ്ങിയെങ്കിലും മേരിയെ ഒളിമ്പിക് യോഗ്യതയ്ക്ക് അയയ്ക്കാൻ ഫെഡറേഷൻ തീരുമാനമെടുക്കുകയായിരുന്നു.
വിവാദമായ കത്ത്: ഇതോടെ ഇതേ വിഭാഗത്തിൽ മത്സരിക്കുന്ന നിഖാത് സറീൻ ഉൾപ്പെടെയുള്ള താരങ്ങളുടെ സാധ്യത തുലാസിലായി. മേരി യോഗ്യത നേടിയില്ലെങ്കിൽ മാത്രമേ ഇവർക്ക് ട്രയൽസിൽ വിജയിച്ച് ഒളിമ്പിക്‌സിന് പോകാനാകു എന്ന നിലയിലെത്തി കാര്യങ്ങൾ. ഇതോടെ മേരി കോമിനെ ഒളിമ്പിക്‌സിങ് യോഗ്യത ചാമ്പ്യൻഷിപ്പിന് അയക്കാനുള്ള തീരുമാനത്തിനെതിരെ നിഖാത് കായിക മന്ത്രി കിരണ്‍ റിജിജുവിന് കത്തെഴുതി. ഇതോടെ ഇന്ത്യൻ ബോക്‌സിങ് മേഖലയിലെ ഏറ്റവും വലിയ വിവാദങ്ങൾക്ക് ആരംഭമായി.
മേരി കോമിന് പ്രത്യേക പരിഗണന നൽകുന്നത് ഒഴിവാക്കി ദേശിയ ട്രയൽസിൽ ഉൾപ്പെടുത്തണം എന്നതായിരുന്നു നിഖാത് കത്തിലൂടെ ആവശ്യപ്പെട്ടത്. താൻ ബോക്‌സിങ്ങിലേക്ക് എത്തിയത് മേരിയിൽ നിന്ന് പ്രചേദനം ഉൾക്കൊണ്ടാണെന്നും എന്നാൽ ഒരാൾക്ക് മാത്രം പ്രത്യേക പരിഗണന നൽകുന്നത് ശരിയല്ലെന്നും നിഖാത് വാദിച്ചു. പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപേർ രംഗത്തെത്തി. ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര കൂടി നിഖാതിനെ പിന്തുണച്ചതോടെ വിവാദം കൊഴുത്തു.
നിഖാത് സരീന്‍റെ പ്രതിഷേധത്തിന്‍റെ ഫലമായി ട്രയൽസ് നടത്താൻ ഫെഡറേഷൻ തീരുമാനിച്ചു. എന്നാൽ തന്നെ വെല്ലുവിളിച്ച യുവതാരത്തെ റിങ്ങിൽ ഇടിച്ച് പഞ്ചറാക്കി മേരി ടോക്കിയോ ഒളിമ്പിക്‌സിനായി യോഗ്യത നേടി. 9-1 എന്ന സ്‌കോറിനായിരുന്നു മേരിയുടെ വിജയം. സരീന്‍റെ അമിത ആവേശത്തെ റിങ്ങിൽ തന്‍റെ അനുഭവ സമ്പത്ത് കൊണ്ട് നേരിടുകയായിരുന്നു മേരി. വിധികർത്താക്കളിൽ 10 പേരിൽ 9 പേരും മേരിക്കനുകൂലമായാണ് വിധിയെഴുതിയത്.
കെട്ടടങ്ങാത്ത വിവാദം: എന്നാൽ മത്സരശേഷവും വിവാദം തണുത്തില്ല. മത്സരത്തിന് പിന്നാലെ മേരിക്ക് കൈ കൊടുക്കാൻ നിഖാത് എത്തിയെങ്കിലും മേരി അതിന് വിസമ്മതിച്ചു. എന്തിനാണ് ഞാൻ അവർക്ക് കൈകൊടുക്കുന്നത്. അവർ ആദരം ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണം. അത്തരം ആളുകളുടെ പെരുമാറ്റം എനിക്ക് ഇഷ്‌ടമില്ല. വാദങ്ങൾ റിങ്ങിന് പുറത്തല്ല അകത്താണ് വേണ്ടത്. വരാന്‍ പോകുന്ന വലിയ പോരാട്ടത്തെ കുറിച്ചുമാത്രമാണ് ചിന്തിക്കുന്നത് എന്നായിരുന്നു ഇതിനെക്കുറിച്ച് അന്ന് മേരി കോം പ്രതികരിച്ചത്.
താരത്തിന്‍റെ നടപടി തന്നെ വേദനിപ്പിച്ചതായി സറീനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മത്സരത്തിനിടെ മേരി കോം മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതായും അവർ ആരോപിച്ചു. പരാജയം സമ്മതിക്കുന്നുവെങ്കിലും 9-1 എന്ന സ്‌കോർ അംഗീകരിക്കാനാകില്ല. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന ഇന്ത്യ ഓപ്പണിലേതിനേക്കാൾ മികച്ച പ്രകടനമാണ് രണ്ട് പേരും കാഴ്‌ചവച്ചത്. അതിനാല്‍ തന്നെ ഏകപക്ഷീയമായ സ്‌കോർ അംഗീകരിക്കാനാകില്ലെന്നും നിഖാത് പറഞ്ഞിരുന്നു.
ചരിത്ര നേട്ടം: ഈ വർഷം നടക്കുന്ന പ്രധാന ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നില്ലെന്ന് മേരി കോം തീരുമാനിച്ചതോടെയാണ് നിഖാത് സരീന് വിജയവഴിയിലേക്ക് എത്താൻ അവസരം തുറന്നത്. മേരികോമിന്‍റെ നിഴലിൽ നിന്ന് പുറത്തുവരാനുള്ള അവസരം കൃത്യമായി മുതലെടുത്താണ് ഇസ്താംബുളിൽ നിഖാത് സ്വർണം ഇടിച്ചിട്ടത്. മേരി കോം, സരിത ദേവി, ജെന്നി ആര്‍.എല്‍, ലേഖ കെ.സി എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് സരിന്‍.