ഖത്തർ: ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ വനിത റഫറിമാരും. ഇക്കൊല്ലം ഖത്തറിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിലാണ് മത്സരം നിയന്ത്രിക്കാൻ മൂന്ന് വനിത റഫറിമാരെയും ഉൾപ്പെടുത്തിയത്. നവംബർ 21ന് തുടങ്ങി ഡിസംബർ 18ന് സമാപിക്കുന്ന ലോകകപ്പിനായി മൂന്ന് വനിതകൾ ഉൾപ്പെടെ 36 റഫറിമാരുടെ പട്ടികയാണ് ഫിഫ വ്യാഴാഴ്‌ച പ്രഖ്യാപിച്ചത്.
ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പര്‍ട്ട്, റുവാന്‍ഡക്കാരി സലീമ മുകാന്‍സാംഗ, ജപ്പാനിൽ നിന്നുള്ള യോഷിമി യമഷിദ എന്നിവരാണ് റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇവർക്ക് പുറമെ അസിസ്റ്റന്‍റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്. ലോകകപ്പിനായി 36 റഫറിമാർ, 69 അസി. റഫറിമാർ, 24 വീഡിയോ മാച്ച് ഒഫീഷ്യൽസ് എന്നിവരുടെ പട്ടികയാണ് ഫിഫ പ്രസിദ്ധീകരിച്ചത്.
ലോകകപ്പ് യോഗ്യത റൗണ്ടിൽ മത്സരം നിയന്ത്രിച്ച ആദ്യ വനിതയാണ് ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രപ്പാർട്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും, യൂറോപ്യൻ ക്വാളിഫിയർ പോരാട്ടങ്ങളും നിയന്ത്രിച്ചും ശ്രദ്ധനേടിയ റഫറിയാണ് സ്റ്റെഫാനി. ഫ്രഞ്ച് ലീഗ് വൺ മത്സരങ്ങളിലും ഇവർ പതിവ് സാന്നിധ്യമാണ്.
കഴിഞ്ഞ ആഫ്രിക്കൻ നാഷൻസ് കപ്പിൽ മത്സരം നിയന്ത്രിച്ച ആദ്യ വനിതയാണ് റുവാണ്ടക്കാരിയായ സലിമ മുകൻസാംഗ. വനിത ലോകകപ്പ്, വനിത ചാമ്പ്യൻസ് ലീഗ് എന്നിവയടക്കം വമ്പൻ ടൂർണമെന്‍റുകളിലും കളിനിയന്ത്രിച്ചിട്ടുണ്ട്. 2019 ലെ വനിത ലോകകപ്പിന്‍റെ റഫറിയായിരുന്നു ജപ്പാൻകാരിയായ യോഷിമി. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നിയന്ത്രിച്ചു കൊണ്ടും യോഷിമി ശ്രദ്ധ നേടിയിരുന്നു.