ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം മാത്രമല്ല ഇത്തവണ ആവേശം വിതയ്ക്കുന്നത്. ടോപ് ഫോറും യൂറോപ്പ ലീഗ് യോഗ്യതയും റിലഗേഷനുമെല്ലാം ഈ സീസണിൽ അത്യന്തം ആവേശമുയര്‍ത്തുന്നതാണ്. ആറ് ടീമുകള്‍ക്ക് രണ്ട് മത്സരങ്ങളും പകുതിയിലധികം ടീമുകൾക്ക് ഒരു മത്സരവും മാത്രവുമാണ് ബാക്കിയുള്ളത്. ഇതോടെ അന്തിമ ചിത്രം തെളിയും.
സന്തോഷക്കിരീടം ആർക്ക്..? : കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. 37 മത്സരങ്ങളിൽ 90 പോയിന്റുമായി സിറ്റി ഒന്നാമതും അത്രയും മത്സരത്തിൽ നിന്നും 89 പോയിന്‍റുമായി ലിവർപൂൾ രണ്ടാമതും നിൽക്കുന്നു. അവസാന മത്സരത്തിൽ ലിവർപൂൾ അട്ടിമറി വീരന്‍മാരായ വോള്‍വ്‌സിനെ നേരിടുമ്പോൾ സിറ്റിയുടെ എതിരാളികൾ മുൻ ലിവർപൂൾ താരം സ്‌റ്റീവൻ ജെറാർഡിന് കീഴിലിറങ്ങുന്ന ആസ്റ്റണ്‍ വില്ലയാണ്.
ഇരുടീമുകളും അവസാന മത്സരത്തില്‍ ജയിച്ചാല്‍ ഒരു പോയിന്‍റ് ലീഡില്‍ സിറ്റി കിരീടം നിലനിർത്തും. അവസാന മത്സരങ്ങളില്‍ ലിവര്‍പൂള്‍ തോറ്റാലും നാല് പോയിന്‍റിന്‍റെ ലീഡില്‍ സിറ്റിക്ക് തന്നെ കിരീടം. അവസാന മത്സരത്തില്‍ സിറ്റി വില്ലയോട് തോൽക്കുകയും ലിവർപൂൾ വോള്‍വ്‌സിനെ മറികടക്കുകയും ചെയ്‌താൽ കിരീടം ആൻഫീൽഡിലെത്തും.
-
🏆 Title
— Premier League (@premierleague) May 17, 2022 " class="align-text-top noRightClick twitterSection" data="
4️⃣ Top four
💪 Survival
Sunday will settle it all. #PL pic.twitter.com/a2zBiwhKcv
">🏆 Title
— Premier League (@premierleague) May 17, 2022
4️⃣ Top four
💪 Survival
Sunday will settle it all. #PL pic.twitter.com/a2zBiwhKcv🏆 Title
— Premier League (@premierleague) May 17, 2022
4️⃣ Top four
💪 Survival
Sunday will settle it all. #PL pic.twitter.com/a2zBiwhKcv
ടോപ് ഫോറിൽ ആരൊക്കെ..? : സിറ്റിക്കും ലിവർപൂളിനും പിന്നിൽ ചെല്‍സി മൂന്നാം സ്ഥാനം ഏകദേശം ഉറപ്പിച്ചതാണ്. ലീഗിൽ രണ്ട് മത്സരം ശേഷിക്കുന്ന ചെല്‍സിക്ക് നിലവില്‍ 70 പോയിന്‍റുണ്ട്. ലെസ്റ്റര്‍ സിറ്റി, വാറ്റ്‌ഫോർഡ് എന്നിവർക്കെതിരായ രണ്ടില്‍ ഒരു മത്സരം ജയിച്ചാല്‍ തന്നെ 'ബ്ലൂസി'ന് ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാം.
അവസാന ചാംമ്പ്യൻസ് ലീഗ് സ്‌പോട്ടായ നാലാം സ്ഥാനത്തിനായി ചിരവൈരികളായ ടോട്ടന്‍ഹാമും ആഴ്‌സണലും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഒരു മത്സരം ബാക്കി നില്‍ക്കെ 68 പോയിന്റുമായി ടോട്ടന്‍ഹാം നാലാമതും 66 പോയിന്‍റുമായി ആഴ്‌സണൽ അഞ്ചാമതുമാണ്. ലീഗിൽ നേരത്തെ തരംതാഴ്‌ത്തപ്പെട്ട നോര്‍വിച്ച് സിറ്റിയാണ് അവസാന മത്സരത്തിൽ സ്‌പേഴ്‌സിന്‍റെ എതിരാളികൾ. നോര്‍വിച്ചിനെതിരേ അനായാസ ജയവുമായി ടോട്ടന്‍ഹാം ടോപ് ഫോറില്‍ നിലയുറപ്പിക്കാനാണ് സാധ്യത.
ആഴ്‌സനൽ ചാമ്പ്യൻസ് ലീഗിലേക്കോ..? : നിർണായക മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റതോടെയാണ് ആഴ്‌സണിലന്‍റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷ ആശങ്കയിലായത്. ആഴ്‌സണലിന്‍റെ അവസാന എതിരാളി ലമ്പാർഡിന്‍റെ എവര്‍ട്ടണ്‍ ആണ്. ലീഗില്‍ 16ാം സ്ഥാനത്ത് നില്‍ക്കുന്ന എവര്‍ട്ടണും ജയം അനിവാര്യമാണ്.
യൂറോപ്പ ലീഗ് യോഗ്യതക്കായി രണ്ടുടീമുകൾ തമ്മിലാണ് പോരാട്ടം. ലീഗില്‍ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏഴാമതുള്ള വെസ്റ്റ്ഹാമും തമ്മിൽ രണ്ട് പോയിന്‍റിന്‍റെ വ്യത്യാസമാണുള്ളത്. ഇരുടീമുകളും അവസാന മത്സരത്തില്‍ ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് യോഗ്യത നേടും. അവസാന മല്‍സരത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെതിരെ തോൽക്കുകയും വെസ്റ്റ്ഹാമിന് ബ്രൈറ്റണെ മറികടക്കാനുമായാൽ അവർക്ക് ആറാം സ്ഥാനവും യൂറോപ്പ ലീഗ് യോഗ്യതയും ലഭിക്കും. എട്ടാം സ്ഥാനത്ത് നില്‍ക്കുന്നത് വോള്‍വ്‌സാണ്.
ആരൊക്കെ പുറത്തേക്ക്..? : നോര്‍വിച്ചും വാറ്റ്‌ഫോഡുമാണ് ലീഗില്‍ നിന്ന് പുറത്തായി ചാംപ്യന്‍ഷിപ്പിലേക്ക് വീണത്. 18-ാം സ്ഥാനത്താണ് ബേണ്‍ലിയാണുള്ളത്. എവര്‍ട്ടണ്‍, ലീഡ്‌സ്, ബേണ്‍ലി എന്നീ മൂന്ന് പേരില്‍ ഒരു ടീം കൂടി പുറത്താവും. എവര്‍ട്ടണ് 36 ഉം ലീഡ്‌സിന് 35ഉം ബേണ്‍ലിക്ക് 34ഉം പോയിന്‍റാണുള്ളത്. എവര്‍ട്ടണും ബേണ്‍ലിക്ക് ലീഗില്‍ രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്.
എവര്‍ട്ടണിന്‍റെ ആദ്യ എതിരാളി ക്രിസ്റ്റല്‍ പാലസും രണ്ടാമത്തെ എതിരാളി ആഴ്‌സണലുമാണ്. ഒരു മത്സരം മാത്രം ബാക്കിയായി 17-ാം സ്ഥാനത്ത് നില്‍ക്കുന്ന ലീഡ്‌സിനെ കാത്തിരിക്കുന്നത് ബ്രന്‍റ്‌ഫോര്‍ഡാണ്.
18ാമതുള്ള ബേണ്‍ലിയുടെ എതിരാളികള്‍ ആസ്റ്റണ്‍ വില്ലയും ന്യൂകാസില്‍ യുണൈറ്റഡുമാണ്. ലീഗില്‍ നിന്ന് പുറത്താവാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മൂന്നാമത്തെ ടീം ബേണ്‍ലി തന്നെയാണ്. അവസാന രണ്ട് മത്സരത്തിലും ജയം നേടാനായാൽ മാത്രമേ ബേണ്‍ലിക്ക് ലീഗിൽ തുടരാനാകൂ.