ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ മെഡല്‍ നേട്ടം തുടര്‍ന്ന് ഇന്ത്യ. പുരുഷന്‍മാരുടെ 73 കിലോ ഭാരദ്വഹനത്തില്‍ അചിന്ത ഷിവലിക്ക് സ്വര്‍ണം. ആകെ 313 കിലോ ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡോടെയാണ് 20കാരനായ അചിന്തയുടെ സുവര്‍ണ നേട്ടം. സ്‌നാച്ചില്‍ 143 കിലോയും ക്ലിന്‍ ആന്‍ഡ് ജെര്‍ക്കില്‍ 170 കിലോയുമാണ് താരം ഉയര്‍ത്തിയത്.
303 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ എറി ഹിഥായത്ത് മുഹമ്മദിനാണ് വെള്ളി. 298 കിലോ ഉയര്‍ത്തിയ കാനഡയുടെ ഷാദ് ഡാർസിഗ്നി വെങ്കലം സ്വന്തമാക്കി.
ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണവും ആറാം മെഡലുമാണിത്. മുഴുവന്‍ മെഡലും നേടിയത് ഭാരോദ്വഹനത്തില്‍നിന്നാണ്. നേരത്തെ പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തില്‍ ജെറമി ലാല്‍റിന്നുങ്കയും വനിതകളുടെ 49 കിലോ വിഭാഗത്തിൽ മീരാഭായി ചാനുവും സ്വര്‍ണം നേടിയിരുന്നു.
പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവിലൂടെ വെള്ളി സ്വന്തമാക്കിയാണ് ഇന്ത്യ മെഡല്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ പുരുഷന്മാരുടെ 61 കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ് പൂജാരിയും വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തില്‍ ബിന്ധ്യാറാണി ദേവിയും വെങ്കലം നേടിയിരുന്നു.