ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ സിംഗിൾസ് ചാമ്പ്യൻമാർക്ക് ഈ വർഷം 2.6 മില്യൺ യുഎസ് ഡോളർ സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍. ഗ്രാൻഡ് സ്ലാം ടൂർണമെന്‍റില്‍ മൊത്തം വിതരണം ചെയ്യുന്ന തുക ഇത്തവണ ആദ്യമായി 60 മില്യൺ യുഎസ് ഡോളർ കവിയുമെന്നും യുഎസ് ടെന്നീസ് അസോസിയേഷന്‍ വ്യക്തമാക്കി. മൊത്തം തുകയുടെ വലിയൊരു ഭാഗം ആദ്യ റൗണ്ടുകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.
പ്രധാന നറുക്കെടുപ്പിന് മാത്രം 80,000 ഡോളറും, രണ്ടാം റൗണ്ടിൽ എത്തുന്ന താരങ്ങള്‍ക്ക് 121,000 ഡോളറുമാണ് സമ്മാനമായി ലഭിക്കുക. ക്വാർട്ടർ ഫൈനലിലെത്തുന്ന കളിക്കാർക്ക് 445,000 ഡോളറും സെമിഫൈനലിലെത്തുന്നവര്‍ക്ക് 705,000 ഡോളറും ലഭിക്കും. റണ്ണറപ്പിന് 1.3 മില്യൺ ഡോളറാണ് സമ്മാനമായി ലഭിക്കുക. ഡബിൾസ് ചാമ്പ്യന്മാരാവുന്ന ടീമുകള്‍ക്ക് 688,000 ഡോളറാണ് ലഭിക്കുക. ഓഗസ്റ്റ് 29നാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക.
കൊവിഡിന് മുന്നെ 2019ല്‍ സിംഗിൾസ് ചാമ്പ്യന്മാർക്ക് 3.9 മില്യൺ ഡോളറാണ് സമ്മാനമായി നല്‍കിയത്. ആദ്യ റൗണ്ടിൽ പുറത്തായ താരങ്ങള്‍ക്ക് 58,000 ഡോളറും, രണ്ടാം റൗണ്ടിൽ പുറത്തായ താരങ്ങള്‍ക്ക് 100,000 ഡോളറുമാണ് നല്‍കിയിരുന്നത്. അന്ന് ആകെ വിതരണം ചെയ്‌ത തുക 57.5 മില്യൺ ഡോളറായിരുന്നു.
അതേസമയം ഈ വര്‍ഷം യുഎസ് ഓപ്പണില്‍ വിതരണം ചെയ്യുന്ന 60.1 മില്യൺ ഡോളർ, മറ്റ് മൂന്ന് ഗ്രാൻഡ് സ്ലാം ടൂർണമെന്‍റുകളില്‍ നല്‍കിയതിനേക്കാള്‍ കൂടുതലാണ്. ഈ വർഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 52 മില്യണ്‍ ഡോളര്‍ നല്‍കിയപ്പോള്‍, 49 മില്യണ്‍ ഡോളറാണ് വിംബിള്‍ഡണിലും ഫ്രഞ്ച് ഓപ്പണിലും വിതരണം ചെയ്‌തത്.