വിയന്ന : യുവേഫ നേഷന്‍സ് ലീഗില്‍ ആദ്യ ജയത്തിനായി ഫ്രാന്‍സിന്‍റെ കാത്തിരിപ്പ് തുടരുന്നു. ഗ്രൂപ്പ് എയില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ ഫ്രാന്‍സിനെ ഓസ്ട്രിയ സമനിലയില്‍ പൂട്ടി. ഒരോ ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്.
തങ്ങളുടെ കളിമികവ് പുറത്തെടുക്കാനാവാതെ വലഞ്ഞ ഫ്രാന്‍സിനെതിരെ മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ ഓസ്‌ട്രിയ മുന്നിലെത്തി. ഫ്രാന്‍സിന്‍റെ ഗോളവസരങ്ങള്‍ തടഞ്ഞ സംഘം ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് ലക്ഷ്യം കണ്ടത്. 37ാം മിനിട്ടില്‍ കൊണാർഡ് ലൈമറിന്‍റെ പാസിൽ നിന്ന് ആന്ദ്രസ് വെയ്‌മാനാണ് ഓസ്‌ട്രിയയുടെ ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ചെങ്കിലും കരീം ബെൻസിമയും കിങ്സ്‌ലി കോമാനും അവസരങ്ങള്‍ പാഴാക്കിയത് ഫ്രാന്‍സിനെ പിന്നില്‍ നിര്‍ത്തി. തുടര്‍ന്ന് ഗ്രീസ്മാന് പകരക്കാരനായെത്തിയ കിലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്‍റെ രക്ഷകനായത്. മറ്റൊരു പകരക്കാരനായ ക്രിസ്റ്റഫർ എങ്കുങ്കുവുമായി ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ എംബാപ്പെയുടെ ഇടങ്കാലന്‍ ഷോട്ടാണ് ലക്ഷ്യം കണ്ടത്.
83ാം മിനിട്ടില്‍ പിറന്ന ഈ ഗോളിന് ശേഷം എംബാപ്പെയുടെ മറ്റൊരു ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ഫ്രാൻസിന് നിരാശയായി. ഗ്രൂപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്‍റുമാത്രമുള്ള ഫ്രാന്‍സ് നാലാം സ്ഥാനത്താണ്. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്. അതേസമയം മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്‍റുള്ള ഓസ്‌ട്രിയ ഡെന്മാര്‍ക്കിന് കീഴില്‍ രണ്ടാം സ്ഥാനത്താണ്.