ലണ്ടന്‍ : യുവേഫ നേഷന്‍സ് ലീഗില്‍ വമ്പന്മാരെല്ലാം പോരാട്ടം സമനിലയില്‍ അവസാനിപ്പിച്ചു. ഇംഗ്ലണ്ട് ഇറ്റലിക്കെതിരെ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് സിയില്‍ ഒരു ജയം പോലും നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു ജയമുള്ള ഇറ്റലി പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളപ്പോള്‍, മൂന്നില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമായി ഇംഗ്ലണ്ട് അവസാന സ്ഥാനത്താണ്.
ബെല്‍ജിയം വെയില്‍സിനോടും, ജര്‍മനി ഹങ്കറിയോടും സമനിലയില്‍ കുരുങ്ങി. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു മത്സരങ്ങളിലേയും എതിരാളികള്‍ സമനില പാലിച്ചത്. ഗ്രൂപ്പ് ഡിയില്‍ ഒരു ജയമുള്ള ബെല്‍ജിയം പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ളപ്പോള്‍ ഒരു ജയം പോലും നേടാനാവാത്ത വെയ്‌ല്‍സ് അവസാന സ്ഥാനത്താണ്.
ഗ്രൂപ്പ് സിയുടെ ഭാഗമായ മത്സരത്തില്‍ ഹങ്കറിക്കെതിരെ 68 ശതമാനവും പന്ത് കൈവശംവച്ച് ആധിപത്യം പുലര്‍ത്തിയെങ്കിലും സമനിലപ്പൂട്ട് പൊളിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞില്ല. ഗ്രൂപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു ജയം നേടിയ ഹങ്കറി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍, മൂന്നും സമനിലയിലായ ജര്‍മനി മൂന്നാം സ്ഥാനത്താണ്.
അവേശകരമായ മറ്റൊരു മത്സരത്തില്‍ നെതര്‍ലാന്‍ഡ് പോളണ്ടിനോടും സമനില പാലിച്ചു. ഗ്രൂപ്പ് ഡിയുടെ ഭാഗമായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ വീതം നേടിയാണ് ഇരുസംഘവും കൈ കൊടുത്ത് പിരിഞ്ഞത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയം നേടിയ നെതര്‍ലാന്‍ഡ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളപ്പോള്‍, ഒരു ജയമുള്ള പോളണ്ട് മൂന്നാമതാണ്.
ഓരോ ഗോള്‍ വീതം നേടിയ മോണ്ടേനീഗ്രോയും ബോസ്‌നിയയും സമനിലയില്‍ പിരിഞ്ഞു. അതേസമയം റൊമാനിയ ഫിന്‍ലന്‍ഡിനെതിരെ ജയം പിടിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് റൊമാനിയ ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ചത്.