മ്യൂണിക് : യുവേഫ നേഷന്‍സ് ലീഗില്‍ ഇറ്റലിക്കെതിരെ ഗോള്‍ മഴ പെയ്യിച്ച് ജര്‍മനി. ഗ്രൂപ്പ് സിയില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ജര്‍മനി ജയം പിടിച്ചത്. ടൂര്‍ണമെന്‍റില്‍ ജര്‍മനിയുടെ ആദ്യജയം കൂടിയാണിത്. ജര്‍മനിക്കായി തിമോ വെര്‍ണര്‍ ഇരട്ട ഗോള്‍ നേടി.
ഒരു ഘട്ടത്തില്‍ 5-0ന് മുന്നില്‍ നിന്ന ജര്‍മനിക്കായി 10ാം മിനിട്ടില്‍ ജോഷ്വ കിമ്മിച്ചാണ് ഗോള്‍ വേട്ട തുടങ്ങിയത്. തുടര്‍ന്ന് ആദ്യ പകുതിയുടെ അധിക സമയത്ത് പെനാല്‍റ്റിയിലൂടെ ഗുണ്ടോഗനും ലക്ഷ്യം കണ്ടു. രണ്ട് ഗോള്‍ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ ജര്‍മന്‍ പടയ്‌ക്കായി 51ാം മിനിട്ടില്‍ തോമസ് മുള്ളറും വലകുലുക്കി.
തുടര്‍ന്ന് 68, 69 മിനിട്ടുകളിലാണ് വെര്‍ണറുടെ ഇരട്ട ഗോള്‍ നേട്ടം. 78ാം മിനിട്ടില്‍ വില്‍ഫ്രീഡ് ഗ്‌നോന്‍ഡോയും 94ാം മിനിട്ടില്‍ അലസാന്‍ഡ്രോ ബാസ്റ്റോനിയുമാണ് ഇറ്റലിയുടെ ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 66 ശതമാനവും പന്ത് കൈവശംവച്ച ജര്‍മനി ആധിപത്യം പുലര്‍ത്തി.
വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ജര്‍മനിക്കായി. ഒരു വിജയവും മൂന്ന് സമനിലകളുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്. നാല് മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുള്ള ഇറ്റലി മൂന്നാം സ്ഥാനത്താണ്.