സാന്‍ സീറോ : ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്‍റർ മിലാനെതിരായ മത്സരത്തിലുണ്ടായത് കടുത്ത അനീതിയെന്ന് ബാഴ്‌സലോണ പരിശീലകന്‍ സാവി. ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സ ഇന്‍ററിനെതിരെ പരാജയപ്പെട്ടിരുന്നു. 47ാം മിനിട്ടില്‍ ഹകൻ ചാഹനഗ്ലുവാണ് ഇന്‍ററിന്‍റെ നിര്‍ണായക ഗോള്‍ നേടിയത്.
67ാം മിനിറ്റിൽ പെഡ്രിയുടെ ബാഴ്‌സ ഇന്‍ററിന്‍റെ വലയില്‍ പന്തെത്തിച്ചിരുന്നു. എന്നാല്‍ റഫറി ഹാൻഡ്ബോൾ വിളിച്ചതോടെ ഗോൾ നിഷേധിക്കപ്പെട്ടു. മത്സരത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്നും സാവി പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം അവശ്യമാണെന്ന് സാവി വ്യക്തമാക്കി.
"ഇത് വലിയ അനീതിയാണ്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്, ദേഷ്യമുണ്ട്. അത് മറച്ചുവയ്ക്കാൻ കഴിയില്ല.
ഇത് വലിയ അനീതിയാണ്. റഫറി ഞങ്ങളോട് സംസാരിക്കണം. ഈ കായിക ഇനത്തില്‍ അദ്ദേഹം വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. ഒന്നും സംഭവിക്കാത്തത് പോലെയാണ് അദ്ദേഹം കളിക്കളം വിട്ടത്.
ഇക്കാര്യത്തില്‍ അദ്ദേഹം വിശദീകരണം നൽകണം, കാരണം, എന്താണ് സംഭവിച്ചതെന്ന് മനസ്സിലായിട്ടില്ല" - സാവി പറഞ്ഞു. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ തന്‍റെ ടീമിന് ചലനാത്മകത ഇല്ലായിരുന്നു. എന്നാല്‍ കളിയുടെ അവസാന അരമണിക്കൂറിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുത്തതായി മുൻ ബാഴ്‌സലോണ താരം വ്യക്തമാക്കി.
ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം തോല്‍വിയാണ് ബാഴ്‌സ വഴങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോടാണ് സംഘം പരാജയപ്പെട്ടത്. ഗ്രൂപ്പില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള കറ്റാലന്മാര്‍ക്ക് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി കഠിനമാണ്.