ഹൈദരാബാദ് : ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം എറിഞ്ഞിട്ട് ഇന്ത്യയുടെ അഭിമാനമായ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സമ്മാന പെരുമഴ. വിവിധ സംസ്ഥാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഐപിഎല്‍ ടീമും ഉള്‍പ്പെടെയാണ് താരത്തിന് ഉപഹാരങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപയും സര്‍ക്കാര്‍ ജോലിയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ട് കോടി രൂപ പഞ്ചാബ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ നീരജിന് ഒരു കോടി രൂപ നല്‍കുമെന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ഇതിന് പുറമെ ബിസിസിഐ(ഒരുകോടി), ബൈജൂസ് ആപ്പ് (രണ്ട് കോടി), ചെന്നൈ സൂപ്പർ കിങ്സ് (ഒരുകോടി) എന്നിങ്ങനെയാണ് ക്യാഷ് അവാര്‍ഡുകള്‍. 8758 എന്ന നമ്പറില്‍ പ്രത്യേക ജഴ്സി ഇറക്കുമെന്നും ചെന്നൈ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പുത്തന്‍ പുതിയ എക്സ് യു വി നൽകുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് അറിയിച്ചപ്പോള്‍, ഒരു വര്‍ഷത്തെ സൗജന്യ യാത്രയാണ് വിമാന കമ്പനിയായ ഇന്‍ഡിഗോ വാഗ്ദാനം ചെയ്തിരിക്കുന്നത്.
also read: 'ബാഴ്‌സ വീടും ലോകവും, തുടരാനാകാത്ത സാഹചര്യം'; പൊട്ടിക്കരഞ്ഞ് മെസി
ടോക്കിയോയില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സുവര്‍ണ ചരിത്രം കുറിച്ചത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തിലാണ് 87.58 മീറ്ററിലേക്ക് ജാവലിന്‍ പായിച്ചത്. മൂന്നാം ശ്രമത്തില്‍ 76.79 മീറ്റര്‍ എറിഞ്ഞ താരത്തിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായി.
ഇതോടെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വ നേട്ടവും നീരജ് സ്വന്തമാക്കി. 2008ല്‍ ബീജിങ്ങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടം കൂടിയാണിത്.