ന്യൂഡൽഹി: കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന ഗുസ്‌തി താരം സുശീൽ കുമാറിന് ഒളിമ്പിക്‌സ് ഗുസ്തി മത്സരങ്ങൾ ടിവിയിൽ കാണുന്നതിനായി തിഹാർ ജയിൽ അധികൃതർ അനുമതി നൽകി. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സുശീലിന് ജയിൽ വാർഡിലെ പൊതു ടെലിവിഷനിലാണ് മത്സരം കാണാൻ അനുമതി നൽകിയിരിക്കുന്നത്.
ഒളിമ്പിക്‌സ് ഗുസ്തി മത്സരങ്ങൾ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുശീൽ കുമാർ ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ജയിൽ അധികൃതർ അനുമതി നൽകിയത്. നേരത്തെ ജയിലിനുള്ളിൽ പ്രത്യേക ഭക്ഷണം ആവശ്യപ്പെട്ട് സുശീൽ കുമാർ നൽകിയ ഹർജി ഡൽഹി കോടതി തള്ളിയിരുന്നു.
'ജയിലിന് പുറത്തുള്ള നിലവിലെ സംഭവങ്ങൾ അറിയുന്നതിനും ഗുസ്തിയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ അറിയുന്നതിനുമായാണ് സുശിൽ ടിവി ആവശ്യപ്പെട്ടത്. ടിവി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 2 ന് അപേക്ഷ സമർപ്പിച്ചിരുന്നു. വാർഡിൽ ഞങ്ങൾ സുശീൽ കുമാറിനായി ടിവി അനുവദിക്കും,' തിഹാർ ജയിൽ ഡിജി സന്ദീപ് ഗോയൽ പറഞ്ഞു.
ഗുസ്തി താരം സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിലാണ് സുശീൽ കുമാർ ജയിലിലായത്. മെയ് അഞ്ചിന് ചത്രാസൽ സ്റ്റേഡിയത്തിൽ നടന്ന തർക്കത്തിനിടെ സുശീൽ കുമാറും, സുഹൃത്തുക്കളും ചേർന്ന് സാഗറിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.