ഹൈദരാബാദ്: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന് ആദരാഞ്ജലി അര്‍പ്പിച്ച് കായിക ലോകം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ ധോണിയുടെ വേഷം ചെയ്തത് സുശാന്തായിരുന്നു. മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് നിഗമനം പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, വീരേന്ദ്ര സേവാഗ്, മുഹമ്മദ് കെയ്ഫ് എന്നിവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയും ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളും സുശാന്തിന് ട്വീറ്റിലൂടെ അനുസ്മരിച്ചു. സുശാന്തിന്റെ അന്ത്യം തന്നെ ഞെട്ടിച്ചുവെന്നും പ്രതിഭാ ശാലിയായ അഭിനേതാവായിരുന്നുവെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തപ്പോള്‍ ശോഭനമായ ഭാവി പകുതിക്ക് അവസാനിപ്പിച്ചാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് യാത്രയായതെന്ന് രവി ശാസ്ത്രി ട്വീറ്റ് ചെയ്തു. 34 വയസുള്ള സുശാന്ത് ടെലിവിഷന്‍ രംഗത്ത് നിന്നാണ് ബോളിവുഡിലേക്ക് എത്തുന്നത്.