ന്യൂഡല്‍ഡി: ചൈനീസ് ഉപകരണങ്ങള്‍ വെയിറ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബഹിഷ്‌കരിക്കുന്നു. ഗാല്‍വന്‍ താഴ്വരയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ വീരമൃത്യു വരിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഫെഡറേഷന്‍റെ തീരുമാനം. ചൈനീസ് കമ്പിനിയുടെ ഉപകരണങ്ങള്‍ ഉപയോഗപ്രദമല്ലെന്നും ഭാരദ്വഹകര്‍ ഇനി മേലില്‍ അവ ഉപയോഗിക്കാന്‍ പാടില്ലെന്നും ഫൈഡറേഷന്‍ വ്യക്തമാക്കി. നേരത്തെ ചൈനീസ് കമ്പനിയായ സെഡ്.കെ.സിയുടെ ഉപകരണങ്ങള്‍ക്ക് വെയിറ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.
എല്ലാ ചൈനീസ് ഉപകരണങ്ങളും തങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സഹദേവ് യാദവ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് സായിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം ഭാരോദ്വഹനത്തിനായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത പ്ലേറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് ദേശീയ പരിശീലകന്‍ വിജയ് ശര്‍മ വ്യക്തമാക്കി. നിലവില്‍ സ്വീഡനില്‍ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പരിശീലിക്കുന്നത്. ഇതിനായി സായി 10 സെറ്റ് ഉപകരണങ്ങള്‍ അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ഭാരോദ്വഹകരും ചൈനക്ക് എതിരാണ്. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനായ ടിക്ക് ടോക്ക് പോലും തങ്ങള്‍ ഉപേക്ഷിച്ചെന്നും വിജയ് ശര്‍മ പറഞ്ഞു. ഗാല്‍വന്‍ സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് ചൈനീസ് ഉപകരണങ്ങളുടെ ബഹിഷ്‌കരണം വ്യാപകമാണ്.