ലാവോസ്: വംശീയതക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി. വിവേചനരഹിതമെന്നത് ഒളിമ്പിക്സിന്‍റെ സ്ഥാപക സ്തംഭങ്ങളില്‍ ഒന്നാണെന്ന് ഐഒസി പ്രമേയത്തിലൂടെ വ്യക്തമാക്കി.
വംശീയവും, വർണപരവും ലിംഗപരവും ഭാഷാ പരവും മതപരവും രാഷ്‌ട്രിയ അഭിപ്രായത്തിന്‍റെ പേരില്‍ ഉള്ളതും ഉൾപ്പെടെ എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും ഒളിമ്പിക്സ് എതിരാണെന്ന് ആറാമത്തെ അടിസ്ഥാന തത്വത്തില്‍ പറഞ്ഞിട്ടുണ്ട്. ആഗോള തലത്തില്‍ എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ആശയമാണ് ഒളിമ്പിക്‌സിന്‍റേത്. അത് വംശീയതയെ എതിർക്കുകയും ചെയ്യുന്നു. എല്ലാ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ കുലത്തിന്‍റെ ഏകത്വം അത് കാത്ത് സൂക്ഷിക്കുന്നു. 206 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളും ഐഒസിയുടെ റഫ്യൂജി ഒളിമ്പിക് ടീമും ഒരോ അവകാശങ്ങളാണ് ആസ്വദിക്കുന്നത്. ഒളിമ്പിക് വില്ലേജിലും സമത്വം നിലനില്‍ക്കുന്നതായും ഐഒസി പ്രസ്താവനയില്‍ പറഞ്ഞു.
ജോർജ് ഫ്ലോയിഡിന് നീതി ആവശ്യപെട്ട് ആഗോള തലത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളെ തുടർന്നാണ് വംശീയതക്ക് എതിരെ ഐഒസി പ്രമേയം പാസാക്കിയത്. നേരത്തെ അമേരിക്കയില്‍ ഉടനീളം ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം അലയടിക്കുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കായിക താരങ്ങൾ മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ ദിവസം മിനിയപൊളിസിൽ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോർജ് ഫ്ലോയിഡെന്ന യുവാവിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശ്വാസം മുട്ടുന്നതായി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ കേണപേക്ഷിച്ചിട്ടും കാലെടുക്കാന്‍ പൊലീസുകാരന്‍ തയാറായില്ല.