സൂറിച്ച്: ഫിഫയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തെ ഇന്നറിയാം. ഫിഫ ദി ബെസ്റ്റ് പുരസ്കാരം തിങ്കളാഴ്‌ച സൂറിച്ചില്‍ പ്രഖ്യാപിക്കും. പുരുഷ-വനിത ഫുട്‌ബോളിലെ മികച്ച കളിക്കാർ, ഗോൾകീപ്പർമാർ, പരിശീലകർ എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് പ്രഖ്യാപന ചടങ്ങ് ആരംഭിക്കുക.
മികച്ച പുരുഷതാരമാവാനുള്ള അന്തിമ പട്ടികയില്‍ ലയണല്‍ മെസി, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരാണ് ഇടം പിടിച്ചത്.
2020 ഒക്ടോബര്‍ എട്ട് മുതൽ 2021 ഓഗസ്റ്റ് ഏഴ് വരെയുള്ള പ്രകടനം വിലയിരുത്തി, ദേശീയ ടീമിന്‍റെ പരിശീലകര്‍, നായകന്മാര്‍, തിരഞ്ഞെടുത്ത കായിക മാധ്യമ പ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിവരുടെ വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.
ലയണല്‍ മെസി, ലെവന്‍ഡോവ്‌സ്‌കി എന്നിവരില്‍ ഒരാള്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കോപ്പ അമേരിക്ക കിരീട നേട്ടവും ബാഴ്‌സയിലെ പ്രകടന മികവുമാണ് മെസിക്ക് തുണയാവുക. കഴിഞ്ഞ വര്‍ഷം 43 ഗോളുകളും 18 അസിസ്റ്റുകളുമാണ് മെസിക്കുള്ളത്.
ജര്‍മ്മന്‍ ലീഗിലെ ഗോളടിമികവും ക്ലബ്ബ് ലോകകപ്പ്, ബുണ്ടസ് ലീഗ് കിരീടങ്ങളും ബയേണ്‍ താരമായ ലെവന്‍ഡോവ്‌സ്‌കിക്ക് കരുത്താവും. കഴിഞ്ഞ വര്‍ഷം വിവിധ മത്സരങ്ങളില്‍ നിന്നായി 69 ഗോളുകളടിച്ച് കൂട്ടാന്‍ താരത്തിനായിരുന്നു.
also read: സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയലിന്; ബില്‍ബാവോയെ തകര്‍ത്തത് രണ്ട് ഗോളുകള്‍ക്ക്
ജര്‍മന്‍ ലീഗായ ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനായി 41 ഗോളുകള്‍ കണ്ടെത്തിയ താരം യൂറോപ്പിലെ ഗോള്‍ വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വന്തമാക്കിയിരുന്നു.
ബാഴ്‌സലോണയുടെ അലക്‌സിയ പുട്ടെല്ലസ്, ജെനിഫര്‍ ഹോര്‍മോസോ, ചെല്‍സിയുടെ സാം കെര്‍ എന്നിവരാണ് മികച്ച വനിതാ താരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയത്.